പുലിയുടെ വ്യാജ വീഡിയോ പ്രചരണം കരുവാരകുണ്ട് പോലീസ് കേസെടുത്തു
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയെ കണ്ടെത്തിയതെന്ന തരത്തിൽ പ്രചരിച്ച കടുവയുടെ വീഡിയോ വ്യാജമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജെറിൻ എന്ന യുവാവിനെതിരെ കരുവാരക്കുണ്ട് പൊലീസിൽ വനംവകുപ്പ് പരാതി നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതി.രാവിലെ പ്രചരിച്ച വീഡിയോയിൽ കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം ഒരു യുവാവ് കടുവയുടെ മുന്നിൽ അകപ്പെട്ടുവെന്നായിരുന്നു പ്രചാരണം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വനംവകുപ്പ് പ്രദേശത്ത് അന്വേഷണം നടത്തി. എന്നാൽ, സ്ഥലത്ത് കടുവയിറങ്ങിയതിനുള്ള തെളിവുകൾ ഒന്നും കണ്ടെത്താനായില്ല.വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ, മൂന്നുവര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ജെറിൻ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും, ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ നുണ സമ്മതിക്കുകയായിരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പ്രദേശത്ത് നടത്തിയ പരിശോധനയും കടുവയുടെ സാനിധ്യത്തെ കുറിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
