പോത്തുണ്ടി ഇരട്ടക്കൊലപാതകം: ചെന്താമരയെ പേടി, മൊഴിനൽകാൻ വിസമ്മതിച്ച് ഏക ദൃക്സാക്ഷി
നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പൊലീസ് കണ്ടെത്തിയ ഏക ദൃക്സാക്ഷി മൊഴി കൊടുക്കാൻ വിസമ്മതിക്കുന്നു. കൊലപാതകം നേരിൽ കണ്ടതായി പറയുന്ന ഈ സാക്ഷിയുടെ മൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പൊലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കിയിട്ടില്ല. ദൃക്സാക്ഷികൾ അല്ലെങ്കിലും അയൽവാസികളും കേസിലെ പ്രധാന സാക്ഷികളുമായ പുഷ്പ, കർണൻ എന്നിവരുടെ രഹസ്യമൊഴി തിങ്കളാഴ്ച ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുൻപാകെ രേഖപ്പെടുത്തിയിരുന്നു. പ്രതിയായ ചെന്താമരയ്ക്കെതിരെ മൊഴി നൽകാൻ പല സാക്ഷികൾക്കും ഭയമുണ്ട്.സാക്ഷികൾ പിന്നീടു കൂറുമാറാതിരിക്കാൻ കോടതിയിൽത്തന്നെ രഹസ്യമൊഴി രേഖപ്പെടുത്താനാണു പൊലീസ് ശ്രമിക്കുന്നത്. പലവട്ടം വിളിച്ചിട്ടും വരാതിരുന്ന ഏക ദൃക്സാക്ഷി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി മുൻപാകെ ഹാജരായെങ്കിലും മൊഴി നൽകാൻ വിസമ്മതിച്ചു. കൊലപാതകം നടക്കുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്ന സാക്ഷി ദൃശ്യം കണ്ടതിന്റെ അമ്പരപ്പോടെ വീട്ടിലേക്ക് ഓടിപ്പോയിരുന്നു. ആശങ്ക അകറ്റി വരുംദിവസം മൊഴി രേഖപ്പെടുത്തുമെന്നു ഡിവൈഎസ്പി എൻ.മുരളീധരൻ പറഞ്ഞു. ബാക്കിയുള്ള 5 സാക്ഷികളുടെ മൊഴികൂടി വരും ദിവസങ്ങളിൽ കോടതിയിൽ രേഖപ്പെടുത്തും. ജനുവരി 27നാണു പോത്തുണ്ടി തിരുത്തംപാടം സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. സജിത കൊല്ലപ്പെട്ട കേസിന്റെ വിചാരണ എത്രയും വേഗം തുടങ്ങാനുള്ള സാഹചര്യമൊരുക്കാൻ പൊലീസിനു കഴിയുന്നില്ല. ഫൊറൻസിക് ലാബ് റിപ്പോർട്ട് കിട്ടാത്തതുകൊണ്ടു കേസ് വർഷങ്ങളായി നീണ്ടുപോവുകയാണ്. റിപ്പോർട്ട് ഉടൻ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട ലാബ് അധികൃതർക്ക് കത്തയക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. ഏതാനും റിപ്പോർട്ടുകൾ കിട്ടിയെന്നും ചിലതുകൂടി കൂടി കിട്ടാനുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




