May 15, 2026

നെന്മാറ ഇരട്ടകൊലപാതകം: തൊട്ടടുത്തുനിന്ന്‌ കണ്ട യുവാവിനെ കണ്ടെത്തി അന്വേഷണസംഘം : സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം

  • March 4, 2025
  • 1 min read

നെന്മാറ: പോത്തുണ്ടി തിരുത്തമ്പാടത്ത് സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര വെട്ടിക്കൊല്ലുന്നത് തൊട്ടടുത്തുനിന്ന്‌ കണ്ടയാളെ അന്വേഷണസംഘം കണ്ടെത്തി. സംഭവസമയത്ത് തൊടിയിൽ ആടുമേച്ചിരുന്നയാളാണ് ഇതെന്നാണ്‌ സൂചന. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരിച്ചറിഞ്ഞു.സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിവീഴ്‌ത്തുമ്പോൾ അൻപതുമീറ്റർമാത്രം അകലെയായി ദൃക്‌സാക്ഷി ഉണ്ടായിരുന്നതായാണ്‌ പോലീസിന്റെ സ്ഥിരീകരണം. സംഭവം കണ്ട് ഭയചകിതനായ ഇയാൾ സ്ഥലത്തുനിന്ന് ഓടിപ്പോയി. വീട്ടിലെത്തി മാതാപിതാക്കളോട്‌ വിവരംപറഞ്ഞു. പേടിമൂലം പനിബാധിച്ച് കുറച്ചുദിവസം കിടപ്പിലായിരുന്നു. പിന്നീട് ബന്ധുവിനൊപ്പം ജോലിക്കുപോയി. യുവാവിനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്.ഇരട്ടക്കൊലപാതകക്കേസിൽ എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ ആരംഭിച്ചു. രണ്ടുപേരുടെമൊഴി രേഖപ്പെടുത്തി. രണ്ടുപേരുടെവീതം അടുത്ത ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കും. നൂറോളം സാക്ഷികളുള്ളതിൽ എട്ടുപേരുടേത്‌ മാത്രമാണ്‌ രഹസ്യമൊഴിയായി രേഖപ്പെടുത്തുക. വിചാരണസമയത്ത് സാക്ഷികൾ കൂറുമാറുന്നതിനും മൊഴിമാറ്റുന്നതിനുമുള്ള സാധ്യത പരിഗണിച്ചാണിത്.സുധാകരനും അമ്മയും കൊല്ലപ്പെട്ട കേസിൽ പോലീസ് അയച്ച സാമ്പിളുകളുടെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ചു. ഇവ കോടതിയിൽ നേരിട്ടുനൽകും. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് അന്വേഷണസംഘം.ജനുവരി 27-നാണ് ഇരട്ടക്കൊലപാതകം നടന്നത്. 60 ദിവസത്തിനകം കുറ്റപത്രം നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ആലത്തൂർ ഡിവൈ.എസ്.പി. എൻ. മുരളീധരൻ പറഞ്ഞിരുന്നു. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകുന്നതോടെ കേസ് സെഷൻസ്‌ കോടതിയിലേക്ക്‌ വിചാരണയ്ക്കായി മാറ്റും. 2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസ് മാർച്ച്‌ 15-ന് പാലക്കാട് സെഷൻസ് കോടതി പരിഗണിക്കും. കേസിൽ ഡി.എൻ.എ. പരിശോധനാ ഫലം ഒഴികെയുള്ള ശാസ്ത്രീയപരിശോധനാ ഫലങ്ങൾ ലഭ്യമായി. ഒരാഴ്ചയ്‌ക്കകം ഇതുകൂടി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ വിചാരണ വൈകാതെ തുടങ്ങും.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *