ആലത്തൂരിൽ മദ്യലഹരിയിൽ മൂന്നംഗ സംഘത്തിൻറെ അഴിഞ്ഞാട്ടം. വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത സംഘം എസ്ഐയെ ആക്രമിക്കാനും ശ്രമിച്ചു
ആലത്തൂർ: മദ്യലഹരിയിൽ അഴിഞ്ഞാടിയ മൂന്നംഗ സംഘം പിടിയിൽ. പെരുമ്പാവൂർ സ്വദേശി ആഷിക്, ബന്ധുകൂടിയായ ആലുവ തൈക്കാട്ടുകര സ്വദേശി ഷമിൽ, വടക്കാഞ്ചേരി മങ്കര സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് വ്യാഴാഴ്ച രാത്രി അക്രമം അഴിച്ചുവിട്ടത്. ഗോവയിലേക്ക് ടൂർ പോകുന്നതിനുവേണ്ടി എത്തിയ സംഘം അമിത ലഹരിയുടെ ഉപയോഗം മൂലം ആലത്തൂരിൽ എത്തുകയായിരുന്നു.തുടർന്ന് ഗൂഗിൾ മാപ്പ് ഇട്ട് കുനിശ്ശേരി നരിപ്പൊറ്റയിലെ കെ ടി ഡി സി ബിയർ പാർലറിലേക്ക് പോകുന്ന വഴി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഓടിക്കൂടിയ നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കിയതിനുശേഷം വാഹനത്തിൽ രക്ഷപ്പെട്ട ഇവർ ബിയർ പാർലറിലെത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ് ബിയർ പാർലറിൽ എത്തിയ എസ്ഐയെയും പോലീസുകാരെയും ആക്രമിക്കാനും ശ്രമിച്ചു. ആലത്തൂർ ഇൻസ്പെക്ടർ ടി എൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ എത്തിയാണ് മൂവരെയും സാഹസികമായി കീഴ്പെടുത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ച് നിയന്ത്രണത്തിലാക്കിയ ശേഷമാണ് ഇവരെ വൈദ്യപരിശോധന നടത്തിയത്. ആലത്തൂർ കോടതി പ്രതികളെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു. അക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു പ്രവാസികളായ ഇവർ 3 പേരും ചേർന്ന് ഗോവയിലേക്കു പോകാനാണ് വടക്കാഞ്ചേരിയിൽ നിന്നു പുറപ്പെട്ടത്. ഇടയ്ക്കു വച്ച് പഴനിയിലേക്കു പോകാനായി പ്ലാൻ മാറ്റു കയായിരുന്നുവെന്നു പറയുന്നു. അങ്ങനെയാണ് കുനിശ്ശേരി ബൈപാസ് വഴി എത്തിയത്. ജീപ്പ് നിറയെ മദ്യക്കുപ്പികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെഎസ്ഇബി അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈദ്യുത തൂണുകൾ തകർത്തത് മൂലം നരിപ്പൊറ്റയിൽ രാവിലെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




