പറമ്പിക്കുളം തേക്കടി കുച്ചിമുടിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ മൂന്നുപേർകൂടി പിടിയിലായി
മുതലമട : പറമ്പിക്കുളം തേക്കടി കുച്ചിമുടിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ മൂന്നുപേർകൂടി പിടിയിലായി. പൊള്ളാച്ചി വേട്ടക്കാരൻപുതൂർ തമ്മംപതി സ്വദേശികളായ വി. മണകടവൻ (48), വീരസ്വാമി, തമ്മംപതികോളനി വി. സുള്ളൻ കാളിയപ്പൻ (38) എന്നിവരാണ് പിടിയിലായത്.പൊള്ളാച്ചി അമൈകൗണ്ടന്നൂരിൽവെച്ചാണ് മൂവരെയും പിടികൂടിയത്. സെപ്റ്റംബർ 25-നാണ് മോഷണം നടന്ന വിവരം വനംവകുപ്പ് അധികൃതർ തിരിച്ചറിഞ്ഞത്. കാതൽ പരിശോധിക്കുന്നതിന് നിരവധി ചന്ദനമരങ്ങൾ അറുത്തുമാറ്റിയിരുന്നു. കൂടാതെ മുറിച്ച ചന്ദനമരങ്ങളിൽ കാതൽ കുറഞ്ഞവ ഉപേക്ഷിച്ച നിലയിലുമായിരുന്നു. കാതലുള്ള മരങ്ങൾ കഷ്ണങ്ങളാക്കിയാണ് കടത്തിയത്.15 കിലോമീറ്ററോളം വനത്തിലൂടെ കാൽനടയായാണ് ചന്ദനമുട്ടികൾ കടത്തിയത്. തമിഴ്നാട് അതിർത്തിയിൽനിന്ന് വാഹനത്തിലാണ് ചന്ദനമുട്ടികൾ കൊണ്ടുപോയതെന്നും തെളിഞ്ഞിരുന്നു. ചന്ദനത്തടികൾ മോഷണം പോയതിനെത്തുടർന്ന് ഒരു സെക്ഷൻ ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 10 വാച്ചർമാർ എന്നിവരെ സസ്പെൻഡ് ചെയ്തു.ഈ കേസിൽ നേരത്തേ അഞ്ചുപേർ പിടിയിലായിരുന്നു. ചന്ദനമരം മുറിച്ചവർ, കടത്തിക്കൊണ്ടുപോയവർ, മോഷണമുതൽ വാങ്ങിയവർ എന്നിങ്ങനെ കേസിലെ എട്ടു പേരും പിടിയിലായതായി കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ കെ. പ്രമോദ് പറഞ്ഞു. ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ വി. ഉണ്ണിക്കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. മണികണ്ഠൻ, സുൾഫിക്കർ, കാജാഹുസൈൻ, രജിത്ത്, സി. കണ്ണൻ, രജീന്ദ്രൻ, ധനേഷ്, വിനീത്‌കൃഷ്ണൻ, സുമി, സുബൈർ, സുനിൽ എന്നിവരടങ്ങിയ സംഘമാണ് മൂവരെയും പിടികൂടിയത്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
