February 5, 2026

സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള ലൈഫ് മിഷൻ അവാർഡ് പെരിന്തല്‍മണ്ണക്ക്.

  • February 21, 2025
  • 1 min read
സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള ലൈഫ് മിഷൻ അവാർഡ് പെരിന്തല്‍മണ്ണക്ക്.


സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള ലൈഫ് മിഷൻ അവാർഡ് പെരിന്തല്‍മണ്ണക്ക് ലഭിച്ചു കൂ:ടുതൽ ഭവനരഹിതർക്കു ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് സമുച്ചയം യാഥാർഥ്യമാക്കിയ പെരിന്തൽമണ്ണ നഗരസഭയ്‌ക്കു സംസ്ഥാന പുരസ്‌കാരം. ലൈഫ് മിഷന്റെ ഭവനനിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള 2023–24ലെ പുരസ്‌കാരമാണു ലഭിച്ചത്. 1795 കുടുംബങ്ങൾക്കാണു വീടെന്ന സ്വപ്‌നം യാഥാർഥ്യമായത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത 400 കുടുംബാങ്ങൾക്ക് ഒലിങ്കരയിൽ ഫ്ലാറ്റ് നിർമിച്ചുനൽകി. 34 ബ്ലോക്കുകളിലായാണ് ഇവിടെ 400 ഫ്ലാറ്റുകളാണുള്ളത്. ഇതിനു പുറമേ, സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരായ 1344 കുടുംബങ്ങൾക്കു വീട് നിർമിക്കാനായി 4 ലക്ഷം രൂപ വീതം നൽകി. അതോടൊപ്പം തന്നെ, നഗരസഭ മുൻകാലങ്ങളിൽ നടപ്പാക്കിയ ഭവനപദ്ധതികളിൽ വീടിനുള്ള ആനുകൂല്യം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസം കാരണം നിർമാണംപൂർത്തീകരിക്കാൻ കഴിയാത്ത 51 കുടുംബങ്ങൾക്കു നഗരസഭ നൽകിയ പിന്തുണയും നേട്ടത്തിലേക്കു നയിച്ചു. നഗരസഭ 6.93 ഏക്കർ സ്ഥലം വാങ്ങി കുടുംബശ്രീ നിർമാണ ഗ്രൂപ്പുകളുടെ മേൽനോട്ടത്തിൽ 35 കോടി രൂപയോളം ചെലവഴിച്ചാണ് ഒലിങ്കരയിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചത്. 3.64 കോടി രൂപ ചെലവിൽ ഇവിടെ ആധുനിക ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമാണം നടന്നുവരികയാണ്. പ്രതിദിനം 2 ലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കാൻ കഴിയുന്ന നെറ്റ്‌വർക്കിങ് സംവിധാനത്തോടു കൂടിയതാണ് ഈ പ്ലാന്റ്. കൂടാതെ വ്യക്തിഗത വീട് നിർമാണത്തിനായി നഗരസഭ നാളിതുവരെ 50 കോടി രൂപയോളം ഗുണഭോക്താക്കൾക്കു നൽകിക്കഴിഞ്ഞു. ലൈഫ് ഭവനപദ്ധതിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങൾക്കു കേരള സർക്കാർ ലൈഫ് മിഷൻ ഏർപ്പെടുത്തിയ അവാർഡ് തേടിയെത്തുമ്പോൾ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നു നഗരസഭാധ്യക്ഷൻ പി.ഷാജി, സെക്രട്ടറി ജി.മിത്രൻ എന്നിവർ പറഞ്ഞു. സുസ്ഥിര വികസനം ലക്ഷ്യമാക്കി നഗരസഭ നടപ്പാക്കിയ നൂതന ഇടപെടലുകളാണ് ലൈഫ് ഭവനപദ്ധതിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ നഗരസഭയെ അർഹമാക്കിയതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ, മികച്ച രണ്ടാമത്തെ നഗരസഭയ്‌ക്കുള്ള പുരസ്‌കാരവും പെരിന്തൽമണ്ണ നേടിയിരുന്നു.

റിപ്പോർട്ട്‌ Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *