“ഇവിടെ മാലിന്യമിടരുത്”. മുന്നറിയിപ്പ് നാല് ഭാഷകളില്‍ ബോധവൽക്കരണം ആലപ്പുഴയിൽ
പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെകെ ജയമ്മ നിര്‍വ്വഹിച്ചു.
റിപ്പോർട്ട് അഷറഫ്
ആലപ്പുഴ നഗരസഭ വേമ്പനാട് കായല്‍ സംരക്ഷണത്തിന്‍റെ ഭാഗമായി ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ജലാശയങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും, മുന്നറിയിപ്പുകളും, പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ സ്ഥാപിച്ചിട്ടുള്ള പബ്ലിക് അഡ്രസിംഗ് സിസ്റ്റം വഴി ഇനി മുതല്‍ ലഭ്യമാകും. പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെകെ ജയമ്മ നിര്‍വ്വഹിച്ചു.ഫിനിഷിംഗ് പോയിന്‍റില്‍ പുലിക്കാട്ടില്‍ ടിംബേഴ്സിനു സമീപത്തുനിന്നും തുടങ്ങി പവലിയന്‍റെ വടക്കും തെക്കു ഭാഗത്തേക്കുമായി അഞ്ചര മീറ്റര്‍ ഉയരത്തില്‍ 13 പോളുകള്‍ 50 മീറ്റര്‍ അകലത്തില്‍ സ്ഥാപിച്ചാണ് മുന്നറിയിപ്പ് സന്ദേശം പ്രവര്‍ത്തന സജ്ജമാക്കിയത്. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ മലയാളം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കും. വേമ്പനാട് കായലിന്‍റെ ഭംഗി ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി എല്ലാ പോളുകളിലും ശുചിത്വ സന്ദേശ ബോര്‍ഡുകളും, മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിന്നുകളും ക്രമീകരിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കുന്നതിന് ഹൗസ് ബോട്ട് മോട്ടോര്‍ ബോട്ട് ഓണേഴ്സിന് നിര്‍ദ്ദേശം നല്‍കി.ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ വേമ്പനാട് കായല്‍ സംരക്ഷണ ത്തിന്‍റെ ഭാഗമായുള്ള മെഗാ ശുചീകരണ ക്യാമ്പയിന്‍ ജനുവരി 18 ന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ആലപ്പുഴ നഗരസഭ 12.4 ലക്ഷം രൂപ വകയിരുത്തി പദ്ധതി നടപ്പിലാക്കിയത്. മുന്നറിയിപ്പിനൊപ്പം പ്രമുഖരുടെ സന്ദേശങ്ങള്‍, ദുരന്ത നിവാരണ മുന്നറിയിപ്പുകള്‍, പൊതു അറിയിപ്പുകള്‍ എന്നിവ കൂടി നര്ല്‍കുന്നതിനുള്ള സംവിധാനവും പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എഎസ് കവിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എംആര്‍ പ്രേം സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ വിനിത, നസീര്‍പുന്നക്കല്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെജി ബാബു, മാലിന്യ മുക്ത നവകേരളം ജില്ലാ നോഡല്‍ ഓഫീസര്‍ കെഎസ് ഷിബു, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെഎസ് രാജേഷ്, ഡിറ്റിപിസി സെക്രട്ടറി കെജി അജേഷ്, ഡെപ്യൂട്ടി ടൂറിസം ഡയറക്ടര്‍ എംഎസ് നസീമ, ക്ലീന്‍ സിറ്റി മാനേജര്‍ കെപി വര്‍ഗ്ഗീസ്, നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ്, ശ്യാം, ജിഷ, ശങ്കര്‍മണി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എഞ്ചിനീയര്‍ മിസ്മേരി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സോഫിയ അഗസ്റ്റ്യന്‍, ഹൗസ്ബോട്ട്, മോട്ടോര്‍ ബോട്ട്, ശിക്കാരവള്ള ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

