ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങയില്ല :കോടതിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി ബോബി ചെമ്മണൂര്‍
കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നതിനു വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞതു വിചിത്ര ന്യായം. നിസ്സാര കേസിൽ അറസ്റ്റിലായ സഹതടവുകാർക്കു ജാമ്യത്തിനു പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്നാണു മാധ്യമങ്ങളോടു ബോബി പറഞ്ഞത്. ബോബി ജയിലിൽനിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. വീണ്ടും 10.15ന് പരിഗണിക്കാനിരിക്കെയാണ്, ജയിലിലെ ഓഫിസ് സമയമായ രാവിലെ 10ന് മുൻപായിത്തന്നെ അതിവേഗം ബോബി പുറത്തിറങ്ങിയത്.
‘‘ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ ഉൾപ്പെടെ ഇവിടെയുണ്ട്. ഇത്തരത്തിൽ 10–26 കേസുകൾ. അവരൊക്കെ 5000, 10000 രൂപയില്ലാത്തതിനാൽ ജാമ്യം കിട്ടാതെ വിഷമിക്കുന്നവരാണ്. ഇവർ എന്റെയടുത്തു വന്നപ്പോൾ ഞാൻ പരിഹരിക്കാമെന്നു പറഞ്ഞു. അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലിൽനിന്നത്’’– ബോബി പറഞ്ഞു. ഇതു കോടതിയലക്ഷ്യമല്ലെന്നും ജാമ്യ ഉത്തരവിന്റെ കടലാസ് ഇന്നാണു കിട്ടിയതെന്നും ചോദ്യങ്ങളോടു ബോബി പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളോടും പ്രതികരിക്കുന്നതിനു മുൻപ് അഭിഭാഷകസംഘം ബോബിയെ കാറിൽ കയറ്റി കൊണ്ടുപോയി.
ബോബി ജയിൽനിന്ന് ഇറങ്ങാതിരുന്നതിൽ വിശദീകരണം നൽകാനായി പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. പിന്നാലെ ബോബി ജയിൽമോചിതനായി. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നായിരുന്നു വിശദീകരണം.




