ദ്വയാർത്ഥ പ്രയോഗം:റിപ്പോർട്ടർ ചാനലിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കമ്മീഷൻ ചെയർപേഴ്സൺ കെവി മനോജ്കുമാർ സ്വമേധയാ കേസെടുത്തത്.കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ടു തേടി.അതേ സമയം, കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിച്ചു. പരാതി രഹിത കലോത്സവമായി ഈ കലോത്സവം മാറിഎന്നും മന്ത്രി പറഞ്ഞു. 19 കമ്മറ്റികളും വളരെ നന്നായി പ്രവർത്തിച്ചു. ഭക്ഷണ കമ്മറ്റി പ്രശംസ പിടിച്ചു പറ്റിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

