ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് ബൈക്ക് യാത്രക്കാരന് പരിക്ക്
ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് ബൈക്ക് യാത്രക്കാരന് പരിക്ക്. പാമ്പുള്ള വിവരം അറിയാതെ ഹെല്‍മെറ്റ് ധരിച്ചപ്പോഴാണ് യാത്രക്കാരന് കടിയേറ്റത്. മൂര്‍ഖന്റെ കുഞ്ഞാണ് ഹെല്‍മെറ്റിനകത്ത് ഉണ്ടായിരുന്നത്. ഇതിനെ പിന്നീട് സ്‌നേക് റെസ്‌ക്യൂവര്‍ എത്തി സുരക്ഷിതമായി പുറത്തെടുത്തുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നടന്ന സംഭവം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. വീഡിയോയില്‍ നിന്നുള്ള സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത് സംഭവം കര്‍ണാടകയിലാണ് നടന്നതെന്നാണ്. അതേസമയം പ്രാദേശികമായ സ്ഥലം ഏതാണെന്നോ പാമ്പുകടിയേറ്റയാളെ കുറിച്ചുള്ള വിവരങ്ങളോ ലഭ്യമല്ലെന്ന് റിപ്പബ്ലിക് വേൾഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.എക്‌സില്‍ പങ്കുവെച്ച വീഡിയോ ഇതിനകം ഒരുകോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ട നിരവധി പേര്‍ കമന്റായി തങ്ങളുടെ ഞെട്ടല്‍ രേഖപ്പെടുത്തി. ഇത് ഞെട്ടിക്കുന്നതാണെന്നും വളരെ അപകടകരമാണെന്നുമെല്ലാമാണ് കമന്റുകള്‍. പാമ്പിന്റെ കടിയേറ്റയാള്‍ ഇപ്പോഴും ജീവനോടെയുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്.
