ദേശീയ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ഒരുക്കങ്ങൾ പൂർത്തിയായി
സിപ്പി എന്ന മുയൽ ആണ് മത്സരത്തിന്റെ ഭാഗ്യചിഹ്നം: തെരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിലൂടെ : പേര് നിർദേശിച്ച ആൾക്ക് 10000 രൂപ സമ്മാനം
റിപ്പോർട്ട് അനീഷ് ചുനക്കര
ഡിസംബർ 26ന് ചങ്ങനാശ്ശേരി എസ് ബി കോളേജിലും അസംപ്ഷൻ കോളേജിലും വെച്ച് നടത്തപ്പെടുന്ന ദേശീയ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾ പൂർത്തിയായി.സിപ്പി എന്ന മുയൽ ആണ് മത്സരത്തിന്റെ ഭാഗ്യചിഹ്നം. സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത പേരാണിത്. ഈ പേര് നിർദ്ദേശിച്ച പാലക്കാട് സ്വദേശി സുൽഫി ആബിദിന് 10,000 രുപ സമ്മാനം നൽകും. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ പ്രധാന ടീമുകളെ കൂടാതെ കസ്റ്റംസ്, റെയിൽവേ, സർവീസസ്, പോലീസ് ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കും. 25 ആം തീയതി മുതൽ എത്തിച്ചേരുന്ന വിവിധ ടീമുകളെ റെയിൽവേ സ്റ്റേഷനുകളിൽ കേരളീയ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ സ്വീകരിച്ചു താമസസ്ഥലത്ത് എത്തിക്കും. 26 ആം തീയതി മുതൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 11 വരെയും വൈകിട്ട് 3 മണി മുതൽ 9 മണിവരെയുമാണ് മത്സരങ്ങൾ. 700 ൽ പരം കായികതാരങ്ങളും, ഒഫീഷ്യൽസും നൂറുകണക്കിന് കാണികളും ഗ്രൗണ്ടിൽ എത്തിചേരും. ഹാൻഡ്‌ബോൾ അസോസിയേഷന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതൃത്വം മത്സര നടത്തിപ്പിനായി ഡിസംബർ 20 മുതൽ ചങ്ങനാശ്ശേരിയിൽ എത്തിത്തുടങ്ങും. മത്സര നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികൾ ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നുണ്ട്. കേരള ടീമിന്റ പരിശീലനം 21 മുതൽ ചങ്ങനാശേരിൽ ആരംഭിക്കും. 26 ന് വൈകിട്ട് 6 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. കേരളീയ കലാരൂപങ്ങളുടെ അവതരണവും കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടീമുകളെ കാണികൾക്ക് പരിചയപ്പെടുത്തും. 29 ന് ഫൈനൽ മത്സരത്തിന് ശേഷം സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. കേരള ഹാൻഡ്‌ബോൾ അസോസിയേഷന്റെ വാർത്താ സമ്മാളനത്തിൽ കെ.എച്ച്.എ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്, സുധീർ.എസ്.എസ്, സെക്രട്ടറി ജനറൽ കെ.എച്ച്.എ, ജനറൽ കൺവീനർ ജിജി ഫ്രാൻസിസ് നിറപറ, ടെക്നിക്കൽ കമ്മറ്റി കൺവീനർ ബെർണാഡ് തോമസ്, മീഡിയ കൺവീനർ മാർട്ടിൻ ജോസഫ്, പിആർഒ വിനോദ് പണിക്കർ എന്നിവർ പങ്കെടുത്തു.അഡ്വക്കേറ്റ് ജോബ് മൈക്കിൾ എംഎൽഎ ആണ് ഈ ടൂർണമെന്റിന്റെ മുഖ്യ രക്ഷാധികാരി. കേരള ഹാൻഡ്‌ബോൾ അസോസിയേഷൻ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്ടിന്റെ ശ്രമഫലമായാണ് ചാമ്പ്യൻഷിപ്പ് ചങ്ങനാശ്ശേരിയിൽ അനുവദിക്കപ്പെട്ടത്.
