March 15, 2025

പുഷ്പ 2 :തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് അല്ലു അർജുൻ

  • December 12, 2024
  • 0 min read
പുഷ്പ 2 :തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് അല്ലു അർജുൻ

ഹൈദരാബാദ് ∙ പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. തിയറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ‌ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നതായും അല്ലു അർജുൻ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കി.ഭർത്താവിനും 2 ആൺമക്കൾക്കുമൊപ്പമാണു രേവതി ചിക്കഡ്പള്ളിയിലുള്ള തിയറ്ററിൽ രാത്രി സിനിമ കാണാനെത്തിയത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ, നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. ശ്വാസംമുട്ടി തളർന്നുവീണ സ്ത്രീക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. നടൻ വരുന്ന കാര്യം തിയറ്റർ അധികൃതർ നേരത്തേ അറിയിക്കുകയോ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലു അർജുനെയും തിയറ്റർ ഉടമകളെയും പ്രതിചേർത്തു പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *