റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവിന്റെ മരണം; ഇടിച്ചത് ഡിഫെൻഡറോ ബെൻസോ എന്ന ആശയകുഴപ്പത്തിൽ പോലീസ്
വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ആശയക്കുഴപ്പം. അൽവിനെ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്ഐആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആൽവിനെ ഇടിച്ചത് ബെൻസ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും.
