February 5, 2026

നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്: പി വി അൻവർ

  • December 9, 2024
  • 0 min read
നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്: പി വി അൻവർ

കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യയല്ലെന്നും അതൊരു കൊലപാതകമാണെന്നും വിശ്വസിക്കാത്തത് ഈ കേരളത്തിൽ പിണറായിവിജയനും കണ്ണൂരിലെ ചില സിപിഎമ്മുകാരും പിശശിയുമുൾപപ്പെട്ട മാഫിയാ സംഘങ്ങൾ മാത്രമാണ്.

കണ്ണൂരിലെ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.ശശിക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. ശശിയുടെയോ ഭരണകൂടത്തിന്റെയോ കേസിനെയോ അവരുടെ ഭരണകൂട ഭീകരതയേയോ ഇക്കാര്യത്തിൽ കാര്യമാക്കുന്നില്ല. കേസിനെ അതിന്റെ വഴിക്ക് നേരിടുന്നതോടൊപ്പം നവീൻബാബുവിന്റെ കുടുംബത്തിന് നീതികിട്ടുംവരെ പോരാട്ടം തുടരുകയും ചെയ്യുമെന്ന് പി വി അൻവർ

കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യയല്ലെന്നും അതൊരു കൊലപാതകമാണെന്നും വിശ്വസിക്കാത്തത് ഈ കേരളത്തിൽ പിണറായിവിജയനും കണ്ണൂരിലെ ചില സിപിഎമ്മുകാരും പിശശിയുമുൾപപ്പെട്ട മാഫിയാ സംഘങ്ങൾ മാത്രമാണ്. ബാക്കി അരിയാഹാരം കഴിക്കുന്ന കേരളീയരൊന്നാകെ ഇക്കാര്യത്തിൽ സമാന മനസ്കരാണെന്നും പിവി അൻവർ തുറന്നടിച്ചു.

ഇതിൽ സിപിഎമ്മിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും പലതും ഒളിക്കാനുണ്ടെന്നതിന് തെളിവാണ് സിബിഐ അന്വേഷണം സംബന്ധിച്ച അവരുടെ നിലപാട്.

കണ്ണൂരിൽ ദിവ്യയ്ക്കൊപ്പവും പത്തനംതിട്ടയിൽ രക്തസാക്ഷി നവീൻബാബുവിനൊപ്പവും നിന്നുകൊണ്ടുള്ള നാടകം കളിയും സിബിഐ റിപ്പോർട്ട് സംബന്ധിച്ച പാർട്ടിയുടെ നിലപാടോടെ വെളിച്ചത്തുവന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ സെക്രട്ടറി ഇക്കാര്യത്തിൽ മിണ്ടാത്തത് എന്തുകൊണ്ടാണ് എന്നും പി വി അൻവർ ചോദിച്ചു.

അനേകം ദുരൂഹതകൾ ഒളിഞ്ഞുകിടക്കുന്ന നവീൻബാബുവിന്റെ ആത്മഹത്യയ്ക്കുപിന്നലെ കാരണങ്ങൾ ഈ സർക്കാരിന്റെ കീഴിൽ നടത്തിയാൽ പുറത്തുവരില്ലെന്നുറപ്പാണ്. ഇക്കാര്യത്തിൽ കുടുംബത്തിന്റെ ആഗ്രഹത്തോടൊപ്പം എന്തുകൊണ്ടാണ് സംസ്ഥാന ഭരണകൂടവും പാർട്ടിയും നിൽക്കാത്തത് ? അവർ സംസ്ഥാന സർക്കാരിനോട് പറഞ്ഞ ഏക കാര്യം ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ്. ഈ ഒരു കാര്യത്തിൽപ്പോലും ആ കുടുംബത്തോടൊപ്പം നിൽക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ? നേരത്തേ ഉമ്മൻചാണ്ടിക്കെതിരായ അന്വേഷണം സിബിഐക്കുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ അതേ ന്യായം എന്തുകൊണ്ടാണ് നവീൻബാബുവിന് ബാധകമാക്കാത്തത് ?

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണ് എഡിഎം നവീൻബാബുവിന്റെ മരണത്തിനു പിന്നിലെന്ന് ഞാൻ ആദ്യമായി പറയുന്നതല്ല. നവീൻബാബുവിന്റെ മരണം നടന്നതിന്റെ നാലാംദിവസം ഇതുസംബന്ധിച്ച് പ്രതികരിച്ചപ്പോഴും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതിനെതിരെയാണ് ശശി എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. അതുൾപ്പെടെ കേരളത്തിലെ സിപിഎം ഭരണകൂടം എനിക്കെതിരെ പതിനാറു കേസുകളാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രമോഡി എതിരാളികളെ നേരിടുന്ന അതേ രീതിയിൽത്തന്നെയാണ് പിണറായി വിജയൻ ഇവിടേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്.

സംസ്ഥാനത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ ഒരു വ്യക്തി ജില്ലയുടെ പ്രധാന ചുമതലക്കാരനായ ഒരുദ്യോഗസ്ഥനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നു പറയുന്നതിൽതന്നെ ദുരൂഹതയുണ്ടല്ലോ. എന്തൊക്കെ കാര്യങ്ങൾ സംസാരിക്കാനുണ്ടാകും. ശശി പറയുന്നത് താനിതുവരെ സംസാരിച്ചിട്ടില്ലെന്നാണ്. പി.ശശിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാൻ ആവശ്യപ്പെടുന്നുണ്ട്.

പോലീസ് നടത്തിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്, അര സെന്റിമീറ്റർ മാത്രം കനമുള്ള പഴയൊരു പ്ലാസ്റ്റിക് കയറിൽ മണിക്കൂറുകളോളം തൂങ്ങിക്കടന്നുവെന്നാണ്. ഇത്രയും സമയം തൂങ്ങിക്കിടന്നിട്ടും കഴുത്തിന് മുറിവുപറ്റിയില്ലെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ പറയുന്നത്.

അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇൻക്വസ്റ്റ് റിപ്പോർട്ടിലോ എഫ്.ഐ.ആറിലോ ഇല്ലെന്നും കുടുംബം ആരോപിക്കുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് വായിക്കാതെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കിയതെങ്കിൽ ആ ഡോക്ടറേയും അന്വേഷണത്തിന് വിധേയമാക്കണം.

ഏതൊരാളും തൂങ്ങിമരിച്ചാൽ മലമൂത്ര വിസർജ്ജനം ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. എന്നാൽ അത്തരത്തിലൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ല. ശ്വാസംമുട്ടി മരിച്ചൊരു വ്യക്തിയുടെ ശ്വാസകോശത്തിലോ മറ്റ് ആന്തരിക ഭാഗങ്ങളിലോ യാതൊരു തകരാറുമില്ലെന്നുകൂടി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

നവീന്റെ കുടുംബ വരുന്നതുവരെ കാത്തുനിൽക്കാത്തതും പത്തനംതിട്ട ജില്ലാക്കമ്മറ്റി ഇടപെട്ട് വളരെതിടുക്കപ്പെട്ട് ശരീരം കത്തിച്ചുകളഞ്ഞതും ദുരൂഹവർധിപ്പിക്കുന്നതാണ്.

പെട്രോൾപമ്പുടമയായി പ്രത്യക്ഷപ്പെട്ട വ്യക്തിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യയുടെ ഭർത്താവുമുൾപ്പെടെയുള്ളവരാണ് പി.ശശിയുടെ ബിനാമികളായി പെട്രോൾ പമ്പിന് പിന്നിലുള്ളത്.

നിയമവിധേയമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ പലരും നിർബന്ധിക്കുന്നുവെന്നും ഇവിടെ ജോലിചെയ്യാൻ കഴിയില്ലെന്നും നവീൻബാബു നിരവധി തവണ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ ഇടപെടൽ ഉണ്ടായിരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുൾപ്പെടെയുള്ളവരാണ്. ഇതൊക്കെ കേരളത്തിലെ ഏതെങ്കിലും ഏജൻസി അന്വേഷിച്ചാൽ പുറത്തുവരുന്ന കാര്യമല്ല.

ജുഡീഷ്യൽ പദവിയിലുള്ള സത്യസന്ധനായ ഒരുദ്യോഗസ്ഥനുപോലും തന്റെ കൃത്യനിർവഹണം നടത്താൻ കഴിയാത്തവിധം അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന സംസ്ഥാനമായി മുഖ്യമന്ത്രിയുടേയും പി.ശശിയുടേയും നേതൃത്വത്തിൽ കേരളം മാറിയിരിക്കുന്നു. ദിവ്യയെ സംരക്ഷിക്കുന്നതിൽ ശശിക്കുള്ള പങ്കും നവീൻബാബുവിന്റെ മരണത്തിനുശേഷം ദിവ്യ ഒളിവിൽക്കഴിഞ്ഞതെവിടെയെന്നുമൊക്കെയുള്ള കാര്യങ്ങളുമന്വേഷിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറേണ്ടതുണ്ട്.

ഭരണകൂടഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നവീൻബാബുവും അദ്ദേഹത്തിന്റെ കുടുംബവും. നവീൻബാബുവിന്റേത് ആത്മഹത്യയല്ല സിസ്റ്റം നടത്തിയ ഒരു കൊലപാതകമാണെന്നും അത് പുറത്തുകൊണ്ടുവരുന്നതിന് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഡിഎംകെ എന്ന ചെറിയ പ്രസ്ഥാനവും വ്യക്തിപരമായി ഞാനും കൂടെയുണ്ടാകുമെന്നും വിദഗ്ദരുമായി ആലോചിച്ച് കേസിൽ കക്ഷിചേരാൻ കഴിയുമോയെന്നും ആലോചനയിലുണ്ട് എന്നും പി വി അൻവർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു

Leave a Reply

Your email address will not be published. Required fields are marked *