ക്ഷേമപെൻഷൻ കുഭാകോണം :കുറ്റാരോപിതരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുക : കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ച് ജയിലിലടക്കുക :പി വി അൻവർ
സർക്കാർ ജീവനക്കാരും തദ്ദേശ സ്ഥാപനങ്ങളുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ നടത്തിയ പെൻഷൻ കുംഭകോണം മറച്ചുവെക്കാനും കുറ്റവാളികളെ രക്ഷിക്കാനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നീക്കത്തിനെതിരെ ജനരോഷം ഉയരേണ്ടതുണ്ട്. ഗുരുതരമായ സാമ്പത്തിക കുറ്റം നടത്തിയ കുറ്റവാളികളെ സംരക്ഷിക്കാനും അവരിൽനിന്ന് തുകമാത്രം ഈടാക്കാനുമുള്ള നീക്കം, കളവുമുതൽ മാത്രം തിരിച്ചുപിടിച്ച് കള്ളനെ വെറുതെവിടുന്നതിന് തുല്യമാണെന്നും പി വി അൻവർ .
ഗസറ്റഡ് ഉദ്യോഗസ്ഥർ, കോളേജ് അസിസ്‌റ്റൻറ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി 1458 പേരാണ് ഇത്തരത്തിൽ അനർഹമായി സർക്കാർ ക്ഷേമപെൻഷനിൽനിന്നും വൻതുകകകൾ കൈപ്പറ്റിയിരിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തിയാൽ ഇതിലും എത്രയോ ആയിരം പേർ ഇത്തരത്തിൽ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റി എന്ന് മനസ്സിലാക്കാൻ കഴിയും.
ആരോഗ്യവകുപ്പിൽ മാത്രം 370 പേർ പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദായനികുതി അടയ്ക്കുന്നവര്‍ക്കു പെൻഷൻ വാങ്ങാൻ കഴിയില്ലെന്നിരിക്കെ ആയിരക്കണക്കായ ആളുകളാണ് ഇത്തരത്തിൽ അനർഹമായി പെൻഷൻ കൈപ്പറ്റിയിരിക്കുന്നത്. മലപ്പുറം കോട്ടക്കൽ നഗരസഭയിലെ ഒരു വാർഡിൽ മാത്രം പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹർ ആണെന്ന കണ്ടെത്തലും ഇതിനകം പുറത്തുവന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും പ്രാദേശിക പാർട്ടി നേതൃത്വവും തമ്മിലുള്ള ഇടപെടലുകളും ഇക്കാര്യത്തിൽ പരിശോധിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇത്തരത്തില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2000 മുതല്‍ അനര്‍ഹമായി കൈപ്പറ്റുന്നുണ്ടെന്നും കോടികളുടെ സാമ്പത്തികബാധ്യത ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും 2022ലെ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിട്ടും ഇതവുരെ ഇവിടെ ഭരിച്ച സർക്കാരുകൾ ഇക്കാര്യത്തിൽ നടപടികളെടുത്തില്ലെന്നത് അത്്ഭുതകരമാണ്. ഏതാണ്ട് നാൽപത് കോടി രൂപയാണ് ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ ഖജനാവിൽനിന്നും കുത്തിച്ചോർത്തിയിരിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു
മുഖ്യമന്ത്രിയുടേയും പാർട്ടിയിലെ ഉന്നതരുടേയും അറിവോടെയും സർക്കാർ ജീവനക്കാരും തദ്ദേശ സ്ഥാപനങ്ങളുമുൾപ്പെട്ട വലിയൊരു കണ്ണിയാണ് ഈ കുംഭകോണത്തിന് പിറകിലുള്ളത്.
ട്രാക്കോ കാബിൾസിൽ മാസങ്ങളായി ശമ്പളംമുടങ്ങി സിഐടിയു നേതാവ് ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. ചരിത്രത്തിലിന്നുവരെയില്ലാത്തവിധം കലാമണ്ഡലത്തിലെ നൂറിലധികം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. മഞ്ചേരിയുൾപ്പെടെയുള്ള അനേകം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കും മാസങ്ങളായി ശമ്പളമില്ല. സാധാരണക്കാര്‍ക്കുള്ള വിധവ-വികലാംഗ ക്ഷേമപെൻഷനുകൾ മാസങ്ങൾളായി മുടങ്ങിക്കിടക്കുകയാണ്. ഈ പ്രതിസന്ധിയുടെ കാലത്താണ് സർക്കാർ ഖജനാവിൽനിന്നും കോടികൾ വെട്ടിപ്പ് നടത്തുന്നത്.
അന്വേഷിച്ചാൽ ഇതിന്റെ വ്യാപ്തി വർധിക്കാൻ സാധ്യതയുണ്ടെന്ന ധനമന്ത്രിയുടെ പ്രസ്താവനയുടെ കൂടി അടിസ്ഥാനത്തിൽ നിലവിൽ കുറ്റവാളികളെന്നു കണ്ടെത്തിയവരെ സർവീസിൽനിന്ന് സസ്പെന്റ് ചെയ്യുകയും കുറ്റവാളികളെന്നു തെളിഞ്ഞാൽ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ജാഗ്രതയാണ് സർക്കാർ കാണിക്കേണ്ടത് എന്നും അൻവർ ആവർത്തിച്ചു

