നടൻ മേഘനാഥൻ അന്തരിച്ചു
വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടൻ ബാലൻ കെ നായരുടെ മകനായ മേഘനാഥൻ 1983 ൽ ‘അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. അച്ഛനെ പോലെ തന്നെ വില്ലൻ വേഷങ്ങളിൽ ആയിരുന്നു മേഘനാഥനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അസ്ത്രത്തിലൂടെ സിനിമയിലേക്ക് എത്തിയതിന് ശേഷം ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ മേഘനാഥനായി.വില്ലൻ കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്റ്റർ റോളുകളിലേക്കും മേഘനാഥൻ ചുവടുമാറിയിരുന്നു. കരിയറിലെ വലിയൊരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു നിവിൻ പോളി ചിത്രമായ ‘ആക്ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രൻ. സ്വന്തം ഭാര്യ കളവ് ചെയ്തത് കണ്ടുപിടിച്ച് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ഹൃദയം തകർന്ന് മക്കളെ കെട്ടിപിടിച്ചു കരയുന്ന മേഘനാഥൻ കഥാപാത്രത്തെ ആരും മറക്കാനിടയില്ല. വളരെ ചെറിയ നേരത്തേക്ക് ആണെങ്കിൽ കൂടി രാജേന്ദ്രൻ പ്രേക്ഷക മനസിൽ മായാതെ നിന്നു. അവിടുന്നങ്ങോട്ട് പുതിയൊരു പാതയിലേക്ക് മേഘനാഥൻ തിരിഞ്ഞു. ‘സൺഡേ ഹോളിഡേ’യിലെ എസ്ഐ ഷഫീക്ക്, ‘ആദി’യിലെ മണി അണ്ണൻ, ‘കൂമനി’ലെ എസ്ഐ സുകുമാരൻ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങൾ മേഘനാഥനെ തേടിയെത്തി. ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്.