24 മണിക്കൂറിനകം പിൻവലിക്കണം:ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം :നയൻതാരയ്ക്ക് മുന്നറിപ്പുമായി ധനുഷ്
നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ റിലീസിനു മുമ്പേ വിവാദത്തിലായിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് ആരംഭിച്ചത്. ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. അതിനെതിരെ നടി ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു.
ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ നയൻതാര പറഞ്ഞത്. ഇപ്പോൾ ഇതാ അതിന് ധനുഷിന്റെ ഭാഗത്തുനിന്ന് മറുപടി വന്നിരിക്കുകയാണ്. ധനുഷിന്റെ അഭിഭാഷകൻ അയച്ച വക്കീൽ നോട്ടീസിന്റെ രൂപത്തിലാണ് മറുപടി.നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.
ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ വക്കീൽ മറുപടി നൽകുന്നുണ്ട്.
“എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.”ഇപ്പോൾ ധനുഷിന്റെ വക്കീൽ അയച്ച പുതിയ നോട്ടീസും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. ഇരുവർക്കുമെതിരെ വിമർശനവും പിന്തുണയും ഒരു പോലെ ഉയരുന്നുണ്ട്




