എരുമേലിയില്‍ തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു :മൂന്നുപേർക്ക് പരിക്ക്
എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി അട്ടിവളവില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം.
മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അതേസമയം ശബരിമലയില്‍ തിരക്ക് തുടരുന്നു. മണിക്കൂറില്‍ മൂവായിരം തീര്‍ഥാടകരെയാണ് ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇന്നലെ വൈകുന്നേരം വരെ മാത്രം 83,429 അയ്യപ്പഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് കണക്ക്.
ഇന്നലെ 70000 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈൻ വഴി ബുക്ക് ചെയ്‌തിരിക്കുന്നത്. 10,000 പേര്‍ക്ക് തത്സമയ ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. ദർശനത്തിനെത്തുന്നവർ പൂങ്കാവനത്തിന്‍റെ പരിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും മാളികപ്പുറത്ത് ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടലും ഭസ്‌മമിടലും പോലെയുള്ള ചില തെറ്റായ പ്രവണതകൾ തിരുത്തണമെന്നും തന്ത്രി കണ്‌ഠര് രാജീവര് പറഞ്ഞു. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.