November 22, 2024

ചേലക്കര ഉപതിരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

  • November 11, 2024
  • 0 min read
ചേലക്കര ഉപതിരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

28 നാൾ നീണ്ട ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും. മൂന്നു മുന്നണികളും അവസാന ലാപ്പിൽ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. വയനാട്ടിലെ പ്രചാരണത്തിനായി ഇന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തും. വോട്ടെടുപ്പ് നീട്ടിവെച്ചങ്കിലും രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കാത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് വീണ്ടും ഉയരുകയാണ്.

അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ് വയനാട്ടിലും ചേലക്കരയിലും. സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാൽനൂറ്റാണ്ടായി ചേലക്കര. എന്നാൽ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉൾവലിയൽ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോൺഗ്രസുകാരൻ ആണ് പി വി അൻവറിന്റെ സ്ഥാനാർഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.

അതേസമയം ചേലക്കരയിൽ വിജയിച്ചാലേ രാഷ്ട്രീയ വിജയമായി കാണാനാകും എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവും യുഡിഎഫും. പതിവിനു വിപരീതമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. ഈ അവസാന മണിക്കൂറിലും പ്രതിപക്ഷ നേതാവ് മണ്ഡലത്തിൽ സജീവമാണ്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ് കോൺഗ്രസ്. തിരുവില്വാമല, പാഞ്ഞാൾ ഉൾപ്പെടെ സ്വാധീനമുള്ള പഞ്ചായത്തുകളിൽ വോട്ട് വർദ്ധിപ്പിച്ച് കരുത്തറിയിക്കാനാണ് ബിജെപിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *