ശ്രേഷ്ഠ ബാവയുടെ സംസ്കാരം ഇന്ന് :അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക.
റിപ്പോർട്ട് ജലജ ജയേഷ്
അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വിലാപയാത്രയായി ഇന്നലെ രാത്രിയിൽ പുത്തൻകുരിശിൽ എത്തിച്ചു.
മൂന്നുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തേക്കും. പുത്തന്‍കുരിശ് സെന്റ്. അത്തനേഷ്യസ് കത്തീഡ്രല്‍ പള്ളിയില്‍ ഒരുക്കുന്ന കബറടിത്തിലാണ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുന്നത്. ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ.
ആറ് മാസത്തോളം ചികിത്സയിലായിരുന്ന കാതോലിക്ക ബാവ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.