വയനാട് ഉപതിരഞ്ഞെടുപ്പ്:രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ
നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾക്കായാണ് ഇരുവരും വയനാട്ടിലെത്തുക.
റിപ്പോർട്ട് അശ്വതി
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾക്കായാണ് ഇരുവരും വയനാട്ടിലെത്തുക.നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരുടെയും ആദ്യത്തെ പരുപാടി. ശേഷം രാഹുൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്,4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. തിങ്കളാഴ്ചയും പ്രിയങ്കയ്ക്ക് പൊതുയോഗങ്ങളുണ്ട്. 10 മണിക്ക് സുൽത്താൻ ബത്തേരി, 11.50ന് മുള്ളൻകൊല്ലി,ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടിൽ, 3.50-ന് വൈത്തിരി എന്നിവിടങ്ങളിലാണ് യോഗങ്ങൾ.ഒക്ടോബർ 28നാണ് പ്രിയങ്ക മുൻപ് മണ്ഡലത്തിലെത്തിയത്. വിജയിച്ചാല്‍ പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി നിലകൊള്ളുമെന്ന് പ്രിയങ്കാ ഗാന്ധി അന്ന് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വയനാടിനെ പ്രതിനിധീകരിച്ച് ഇവിടുത്തെ ജനങ്ങള്‍ തന്നെ പാര്‍ലമെന്റിലേക്ക് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ സ്‌നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ കടപ്പെട്ടിരിക്കുന്നു. വയനാട്ടില്‍ മുഴുവന്‍ സഞ്ചരിച്ച് ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കും. ജനങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയും. ശേഷം ഏറ്റവും മികച്ച രീതിയില്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.