November 22, 2024

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ 4 പേരുടെ നില ഗുരുതരം

  • October 29, 2024
  • 0 min read
നീലേശ്വരം  വെടിക്കെട്ടപകടത്തില്‍ 4 പേരുടെ നില ഗുരുതരം

സംഭവത്തില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 8 പേര്‍ക്കെതിരെ കേസെടുത്തു

റിപ്പോർട്ട്‌ ജലജ ജയേഷ്

കാസര്‍ഗോഡ് നീലേശ്വരം വീരര്‍കാവിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 4 പേരുടെ നില ഗുരുതരമായി തുടരുന്നു. 2 പേര്‍ വെന്റിലേറ്ററിലാണ്. അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 8 പേര്‍ക്കെതിരെ കേസെടുത്തു.

കേസില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലായി. അപകടത്തില്‍ ഭാരവാഹികളുടെ ജാഗ്രതക്കുറവുണ്ടായെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വെടിക്കെട്ടപകടം ക്ഷണിച്ചുവരുത്തിയതാണെന്ന് സിപിഐഎം പറഞ്ഞു. ക്ഷേത്രം ഭാരവാഹികളുടേത് ഗുരുതര അനാസ്ഥയാണ്. വെടിക്കെട്ട് നടത്തിയത് ആളുകളെ ഒഴിപ്പിക്കാതെയാണ്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് നീലേശ്വരത്ത് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പരിക്കേറ്റ സംഭവത്തില്‍ അപകടം നടന്ന വീരര്‍ക്കാവ് ക്ഷേത്രത്തിന് വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.
വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഇമ്പശഖരന്‍ പറഞ്ഞു.

തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *