തിരുവനന്തപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം
കേബിൾ ജോലിക്കെത്തിയവരാണ് പകൽ വീടിനുള്ളിൽ അതിക്രമിച്ചു പെൺകുട്ടിയെ ആക്രമിച്ചത്.
തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. കേബിൾ ജോലിക്കെത്തിയവരാണ് പകൽ വീടിനുള്ളിൽ അതിക്രമിച്ചു പെൺകുട്ടിയെ ആക്രമിച്ചത്.ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ ഇവർ തുണി തിരുകി കയറ്റി. പിന്നീട് അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്.പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മംഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു.പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. സംഭവത്തിൽ പോലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.




