February 5, 2026

ജഡ്ജിയും ഗുമസ്തന്‍മാരും സകലതും വ്യാജം; ഗുജറാത്തില്‍ ‘ഭൂമിത്തര്‍ക്ക പരിഹാര കോടതി’യെ പൊക്കി പോലീസ്

  • October 25, 2024
  • 1 min read
ജഡ്ജിയും ഗുമസ്തന്‍മാരും സകലതും വ്യാജം; ഗുജറാത്തില്‍ ‘ഭൂമിത്തര്‍ക്ക പരിഹാര കോടതി’യെ പൊക്കി പോലീസ്

അഹമ്മദാബാദിൽ അധികൃതരുടെ മൂക്കിൻ തുമ്പിലാണ് വ്യാജ കോടതി നടത്തി നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരും അറസ്‌റ്റിലായത്.

റിപ്പോർട്ട്‌ അശ്വതി

അഹമ്മദാബാദ്: ഏറെ വിവാദമായ വ്യാജ ടോൾ പ്ലാസ സംഭവത്തിന് പിന്നാലെ വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച കേസ് പുറത്ത് വന്നിരിക്കുകയാണ്.
അഹമ്മദാബാദിൽ അധികൃതരുടെ മൂക്കിൻ തുമ്പിലാണ് വ്യാജ കോടതി നടത്തി നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരും അറസ്‌റ്റിലായത്.
മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്‌.
ഭൂമിത്തര്‍ക്ക കേസുകളിൽ കോടതി നിയോ​ഗിച്ച മധ്യസ്ഥനെന്ന് പറഞ്ഞാണ് ഇയാൾ ആർബിട്രറി കോടതി സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ച് കേസുകളിൽ തീർപ്പ് കൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ ഉന്നത ഉദ്യോ​ഗസ്ഥരുടെയടക്കം കേസുകൾ ഇയാൾ കൈകാര്യം ചെയ്തിരുന്നതായാണ് വിവരം. യഥാർഥ കോടതിയുടേതിന്‌ സമാനമായ ഓഫീസും ഗുമസ്‌തൻമാരും പരിചാരകരുമെല്ലാം ഗാന്ധിനഗറിലെ വ്യാജ കോടതിയിൽ ഉണ്ടായിരുന്നു. കേസുകള്‍ അനുകൂലമായി തീര്‍പ്പാക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. കേസുകള്‍ അനുകൂലമായി പരിഹരിച്ചതായി കാണിച്ച്‌ വ്യാജ ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇയാൾ പുറപ്പെടുവിച്ചിരുന്നു. വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ‘ജഡ്‌ജി’യെയും ‘ഗുമസ്‌തൻ’മാരെയും അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്.
പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ 2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തൻ്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. സിറ്റി സിവിൽ കോടതിയിൽ ഭൂമി തർക്ക കേസുകൾ നിലനിൽക്കുന്നവരെയായിരുന്നു പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരിൽ നിന്ന് ഒരു നിശ്ചിത തുക ഇയാൾ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നിയമപരമായ തർക്കങ്ങൾ തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ആൾക്കാരെ ധരിപ്പിച്ചിരുന്നത്.
കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നിൽക്കുന്ന മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവർ ഗാന്ധിനഗർ ആസ്ഥാനമായുള്ള ഓഫീസിലേക്ക് ഇടപാടുകാരെ വിളിച്ചു വരുത്തുകയാണ് രീതി.
ജില്ലാ കളക്ടറുടെ കീഴിലുള്ള സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ മോറിസ് സാമുവൽ തന്റെ ഇടപാടുകാരന് അനുകൂലമായി പാസാക്കിയ ഉത്തരവാണ് പിടിക്കപ്പെടാൻ വഴിയൊരുക്കിയത്. പാൽഡി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ബന്ധപ്പെട്ട് ബാബുജി താക്കൂർ എന്ന ഇടപെടുക്കാരന്റെ പേര് റവന്യൂ രേഖകളിൽ ചേർക്കാനുള്ള അപേക്ഷക്കായി മറ്റൊരു അഭിഭാഷകൻ മുഖേന ഇയാൾ സിവിൽ കോടതിയിൽ അപ്പീൽ നൽകുകയും താൻ പുറപ്പെടുവിച്ച ഉത്തരവ് അറ്റാച്ച് ചെയ്യുകയും ചെയ്തതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
ഇതിനെ തുടർന്ന് അഹമ്മദാബാദിലെ സിവിൽ കോടതി രജിസ്ട്രാർ ഹാർദിക് ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 170, 419 എന്നിവ പ്രകാരം കരഞ്ച് പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Team GNM.

Leave a Reply

Your email address will not be published. Required fields are marked *