November 22, 2024

ശബരിമല തീർത്ഥാടകർക്കായി 300 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് റയിൽവെ.

  • October 22, 2024
  • 0 min read
ശബരിമല തീർത്ഥാടകർക്കായി 300 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് റയിൽവെ.

കൂടുതൽ പോലീസ് എയ്ഡ് പോസ്റ്റുകൾ, സുരക്ഷാ ക്യാമറകൾ എന്നിവ സ്ഥാപിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷ നൽകുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി യോഗത്തിൽ അറിയിച്ചു.

റിപ്പോർട്ട് അനീഷ് മലനാട്


ചെങ്ങന്നൂർ ::
ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിനായി റെയിൽവേ 300 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ മനീഷ് തപ്ലയാൽ ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എംപി വിളിച്ചുചേർത്ത ശബരിമല അവലോകന യോഗത്തിൽ അറിയിച്ചു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി കോട്ടയം വഴിയും മധുര പുനലൂർ വഴിയും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കണ്ട് അഭ്യർത്ഥിച്ചിരുന്നു.

മണ്ഡലകാലം മുൻനിർത്തി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ശബരിമല തീർത്ഥാടന അവലോകനയോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സുഗമമായ ശബരിമല തീർത്ഥാടനത്തിനായി കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ കൃത്യമായ ഏകോപനം അനിവാര്യമാണെന്ന് യോഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. ചെങ്ങന്നൂർ ആർഡിഒ ശബരിമല തീർത്ഥാടകരെ വരവേൽക്കുവാൻ ജില്ലാ ഭരണകൂടം പൂർണ്ണസജ്ജമാണെന്ന് അറിയിച്ചു. കൂടുതൽ പോലീസുകാരെ വിന്യസിച്ച് നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുവാനും കൂടുതൽ പോലീസ് എയ്ഡ് പോസ്റ്റുകൾ, സുരക്ഷാ ക്യാമറകൾ എന്നിവ സ്ഥാപിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷ നൽകുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി യോഗത്തിൽ അറിയിച്ചു. കെഎസ്ആർടിസിയുടെ 65 ഷെഡ്യൂളുകൾ ആയിരിക്കും ശബരിമല മണ്ഡലകാലത്ത് ചെങ്ങന്നൂരിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുക.

കാലങ്ങളായി വൃത്തിയാക്കാതെ കിടന്നിരുന്ന റെയിൽവേ ഭൂമിയിൽ കൂടി കടന്നുപോകുന്ന ഓടകളും മറ്റും നഗരസഭയ്ക്ക് വൃത്തിയാക്കാനുള്ള അനുമതി യോഗത്തിൽ ഡിവിഷനൽ മാനേജർ നൽകി അതോടൊപ്പം യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും കാടുകളും റെയിൽവേ അടിയന്തരമായിനീക്കം ചെയ്യും. സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ വിവിധ വകുപ്പുകളുടെ കൗണ്ടറുകളും ബഹുഭാഷയിലുള്ള അറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്നും തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് മറുപടിയായി ഡിവിഷണൽ റെയിൽവേ മാനേജർ ഡോ മനീഷ് തപ്ലയാൽ യോഗത്തിൽ പറഞ്ഞു.

ശബരിമല തീർത്ഥാടനം കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട് എന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വകുപ്പുകളിലും ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുക്കുകയും വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളെ പറ്റി ചർച്ചചെയ്യുകയും ചെയ്തു. അഖില കേരള അയ്യപ്പ സേവാസംഘം, സേവാസമാജം, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികൾ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *