പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു.
.
ഐശ്വര്യം കിട്ടാനാണ് ഉരുളി മോഷ്ടിച്ചതെന്നാണ് പ്രതികളുടെ മൊഴി.
റിപ്പോർട്ട് അനീഷ് ചുനക്കര
ഗണേഷ് ഝാ എന്ന ഓസ്ട്രേലിയൻ പൗരനാണ് മുഖ്യപ്രതി.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത് രണ്ടു സ്ത്രീകളാണ്. മൂന്ന് പേരെയും ഹരിയാനയില്‍ നിന്നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹരിയാന സ്വദേശികളായ ഇവരെ ഗുഡ്ഗാവ് പൊലീസിന്റെ സഹായത്തോടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഫോര്‍ട്ട് എസ്‌എച്ച്‌ഒ വിആര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നത്.
ഒക്ടോബര്‍ 13 നായിരുന്നു മോഷണം. രാവിലെ ക്ഷേത്രത്തിലെ പാല്‍പ്പായസ നിവേദനത്തിന് ശേഷമാണ് മോഷണം നടന്നത്. വിഗ്രഹമിരിക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന് താഴെ വിഗ്രഹത്തിന്റെ പാദത്തിന് സമീപത്തെ വിശ്വക് സേന വിഗ്രഹത്തില്‍ തളിക്കാനായി വെള്ളം സൂക്ഷിക്കുന്ന ഉരുളിയാണ് മോഷ്‌ടിച്ചത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനക്കാര്‍ മോഷണവിവരം അറിഞ്ഞത്. ഉടന്‍ നിരീക്ഷണ ക്യാമറ പരിശോധിച്ച് മോഷണമാണെന്ന് ഉറപ്പു വരുത്തിയെങ്കിലും പരാതി നല്‍കിയില്ല. ഒക്ടോബര്‍ 18 നാണ് ക്ഷേത്രം ഭാരവാഹികള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികള്‍ താമസിച്ച സ്‌റ്റാച്യുവിലെ ഹോട്ടലിലെ രജിസ്‌റ്ററില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളുടെ ലൊക്കേഷന്‍ പൊലീസ് തിരിച്ചറിയുന്നത്. ഹരിയാനയിലെ സ്വകാര്യ ഹോട്ടലിന്റെ ലൊക്കേഷന്‍ ഫോര്‍ട്ട് പൊലീസ് ഹരിയാന പൊലീസിന് കൈമാറുകയും പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.
24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങളുള്ള കേന്ദ്ര സേനയടക്കം കാവല്‍ നില്‍ക്കുന്ന ക്ഷേത്രത്തിലെ സുരക്ഷ വീഴ്‌ചയും മോഷണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കും.




