നവീൻ ബാബുവിന്റെ മരണം :.പി പി. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാകില്ല.
റിപ്പോർട്ട് അശ്വതി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാകില്ല. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ദിവ്യയ്ക്കെതിരെ സിപിഎമ്മിൽനിന്നു തന്നെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സെക്രട്ടേറിയറ്റ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. ദിവ്യയെ ഇതിനൊടകം തന്നെ സുപ്രധാന സ്ഥാനങ്ങളിൽനിന്നു നീക്കിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ദിവ്യയ്ക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണങ്ങൾ പൂർത്തിയായശേഷം മതി പാർട്ടി നടപടിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം. ഈ സന്ദേശമായിരിക്കും കണ്ണൂർ ജില്ലാ കമ്മിറ്റിക്കും നൽകുക.
ദിവ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കാനും അവ സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കാനും കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.