നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെ ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി പെട്രോളിയം മന്ത്രാലയം
റിപ്പോർട്ട് അനീഷ് ചുനക്കര
കണ്ണൂരില്‍ പമ്ബ് അനുവദിക്കാൻ വേണ്ടി നവീൻ കൈക്കൂലി വാങ്ങിയെന്ന് പെട്രോള്‍ പമ്ബ് ഉടമ ടി.വി പ്രശാന്തൻ ആരോപിച്ചിരുന്നു. ഇതിലാണു മന്ത്രാലയത്തിന്റെ ഇടപെടല്‍. പമ്ബ് അനുവദിച്ച ഭൂമിയുടെ ഉടമസ്ഥതയടക്കം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ മന്ത്രാലയം ഭാരത് പെട്രോളിയത്തിനു നിർദേശം നല്‍കി. എൻഒസിക്കായി ലഭിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിനാമി ഇടപാട് ആരോപണം ഉള്‍പ്പെടെ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. നേരത്തെ, ടി.വി പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നല്‍കിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ആവശ്യം. പെട്രോള്‍ പമ്ബിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ ടി.വി പ്രശാന്തൻ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് ഇപ്പോള്‍ ടി.വി പ്രശാന്തനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് മേധാവിക്ക് പരാതി നല്‍കിയത്.