November 22, 2024

കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് നിരോധന ഉത്തരവ് മറിക്കടന്ന് പാറ ഖനനം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

  • October 7, 2024
  • 0 min read
കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് നിരോധന ഉത്തരവ് മറിക്കടന്ന് പാറ ഖനനം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

കട്ടപ്പന:ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് അനധികൃത പാറ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നല്‍കിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമട പ്രവർത്തിക്കുന്നത്. കട്ടപ്പന വില്ലേജിലുള്‍പ്പെട്ട കുത്തകപ്പാട്ട സ്ഥലത്താണ് യാതൊരു അനുമതിയുമില്ലതെ പാറമട പ്രവർത്തിക്കുന്നത്.പുലർച്ചെ നാലു മണി മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച്‌ കടത്തുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട മേട്ടുക്കുഴിയിലെ നാട്ടുകാ‌ർ ജില്ലാ കളക്ട‌ർക്ക് പരാതി നല്‍കി. തുടർന്ന് മൈനിംഗ് ആൻറ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയില്‍ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതവഗണിച്ച്‌ പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നല്‍കി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നല്‍കി. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി ഇപ്പോഴും സ്ഫോടക വസ്തു ഉപയോഗിച്ച്‌ പാറ പൊട്ടിക്കല്‍ തുടരുന്നുണ്ടെങ്കിലും അടച്ചു പൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഏലത്തോട്ടത്തില്‍ കുളം നിർമ്മിക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് പാറ ഖനനം. സമീപത്ത് മറ്റൊരു പാറമടയുണ്ടായിരുന്നത് നാട്ടുകാർ നല്‍കിയ പരാതിയെ തുടർന്ന് പ്രവർത്തനം നിർത്തി വയ്പ്പിച്ചിരുന്നു. ഇതോടൊപ്പം ഇടുക്കിയില്‍ തങ്കമണി, ഉപ്പുതോട്, കാഞ്ചിയാർ, ചതുരംഗപ്പാറ, പാറത്തോട്, വാഗമണ്‍, ഏലപ്പാറ എന്നിവിടങ്ങളിലും അനധികൃത പാറഖനനം നടക്കുന്നതായി കളക്ടർക്ക് ജില്ല ജിയോളജിസ്റ്റ് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച്‌ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

റിപ്പോർട്ട്‌ ശ്രീജിത്ത്‌ മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *