വി.എൻ. വാസവന്റെ ഇന്നോവ ഇനി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനം
തിരുവനന്തപുരം: മുൻ സർക്കാരിലെ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗികവാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന തീരുമാനപ്രകാരം മുൻസർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്തമന്ത്രിമാർക്കും നൽകുന്നത്. വാസവൻ ഉപയോഗിച്ചിരുന്ന 2024 മോഡൽ വെള്ള ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനമാകുന്നത്.ഉള്ളതിൽ ഓട്ടംകുറഞ്ഞ വാഹനം ഇതാണ്. 6000 കിലോമീറ്റർമാത്രമാണ് ഓടിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയിരുന്ന ഒരു വെള്ള ഇന്നോവ ക്രിസ്റ്റകൂടി ടൂറിസം ഗാരേജിലുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന്റെ കറുത്ത ഇന്നോവകളാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ഈ കാർ കൂടുതൽ ഉപയോഗിച്ചിട്ടില്ല. ഇതും മുഖ്യമന്ത്രിക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഔദ്യോഗിക വാഹനം അറ്റകുറ്റപ്പണിക്ക് കൊടുക്കുമ്പോൾ പകരം ഉപയോഗിക്കുന്നതിനുവേണ്ടിയാണിത്.സ്ഥാനമേൽക്കുന്ന മന്ത്രിമാർക്കായി 24 ഇന്നോവ ക്രിസ്റ്റകൾ ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 21 എണ്ണവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കുമായി ഓരോ വാഹനവും നൽകും. ഒന്നാംനമ്പർ മുഖ്യമന്ത്രിക്കും രണ്ടാംനമ്പർ ലീഗ് മന്ത്രിക്കും നൽകും. ഘടകകക്ഷി നേതാക്കൾക്ക് അടുത്ത നമ്പറുകൾ ക്രമത്തിൽ നൽകും. ഷിബു ബേബിജോൺ 51, കെ. മുരളീധരൻ 11, തിരുവഞ്ചൂർ രാധാകൃഷ്ണൻ 10, എ.പി. അനിൽകുമാർ ഏഴ്, എന്നിങ്ങനെ നമ്പറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ ആവശ്യപ്പെടുന്നതനുസരിച്ച് നമ്പർ മാറ്റിനൽകാറുണ്ട്.കറുത്ത വാഹനവ്യൂഹം പോലീസ് വകമുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ പിണറായി വിജയനും വെള്ള ഇന്നോവയാണ് ഉപയോഗിച്ചത്. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി പോലീസാണ് കറുത്ത വാഹനവ്യൂഹത്തിലേക്ക് മാറ്റിയത്. വി.വി.ഐ.പി. വാഹനങ്ങൾക്ക് കറുത്തനിറം ഉപയോഗിക്കണമെന്നാണ് കേന്ദ്രനിർദേശം. പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങളായി കറുത്ത ഇന്നോവകളാണ് ഉപയോഗിച്ചിരുന്നത്. ഇവ പോലീസിന് തിരിച്ചയച്ചിട്ടുണ്ട്.




