May 15, 2026

വി.ഡി. സതീശൻ തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തേക്കും:രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യ വകുപ്പ് പരിഗണനയിൽ

  • May 15, 2026
  • 0 min read
വി.ഡി. സതീശൻ തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തേക്കും:രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യ വകുപ്പ് പരിഗണനയിൽ

പുതിയ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വഹിച്ചേക്കും. ആഭ്യന്തര വകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ രൂപപ്പെടുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം ഈ തീരുമാനത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിക്ക് പുറമെ പന്ത്രണ്ട് പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിലുണ്ടാവുക. മന്ത്രിസഭയിൽ യുവത്വത്തിനും പുതുമയ്ക്കും മുൻഗണന നൽകണമെന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി.മന്ത്രിസഭയിലെത്തിയാൽ രമേശ് ചെന്നിത്തലയ്ക്ക് ധനകാര്യ വകുപ്പ് നൽകാനാണ് നിലവിൽ ആലോചിക്കുന്നത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസന്റ്, എൻ. ശക്തൻ, ചാണ്ടി ഉമ്മൻ എന്നിവർക്കാണ് മന്ത്രിസ്ഥാനത്തിനുള്ള സാധ്യത പട്ടികയിൽ മുൻതൂക്കം.സാധാരണയായി മുഖ്യമന്ത്രിമാർ തന്നെയാണ് ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്യാറുള്ളത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഈ കീഴ്വഴക്കത്തിൽ മാറ്റം വരികയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള അടുത്ത ഘട്ട ചർച്ചകളിലേക്ക് കോൺഗ്രസും യു.ഡി.എഫും കടന്നു. എങ്കിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ സംബന്ധിച്ച ആശയക്കുഴപ്പം മുന്നണിക്കുള്ളിൽ ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *