May 5, 2026

“വോട്ട് കൊള്ള; ഞാൻ തോറ്റിട്ടില്ല രാജിയും ഇല്ല” :തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമതയുടെ കടുത്ത പ്രതിഷേധം

  • May 5, 2026
  • 1 min read
“വോട്ട് കൊള്ള; ഞാൻ തോറ്റിട്ടില്ല രാജിയും ഇല്ല” :തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമതയുടെ കടുത്ത പ്രതിഷേധം

പശ്ചിമ ബംഗാളിലെ 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി വൻ വിജയം നേടിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ മമതാ ബാനർജി തയ്യാറല്ല. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ്, തിരഞ്ഞെടുപ്പ് ഫലം ഒരു ‘ഗൂഢാലോചനയുടെ’ ഭാഗമാണെന്നും താൻ രാജി വെക്കില്ലെന്നും മമത വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പിൽ തോറ്റുവെന്ന് താൻ കരുതുന്നില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഫലം അട്ടിമറിച്ചതെന്നും മമത ആരോപിച്ചു. “ഞാൻ തോറ്റിരുന്നെങ്കിൽ രാജി വെക്കുമായിരുന്നു. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങി സ്ഥാനമൊഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ല” – മമത പറഞ്ഞു.ഏകദേശം 100 സീറ്റുകളിൽ ജനവിധി കൊള്ളയടിക്കപ്പെട്ടുവെന്നും വോട്ടെണ്ണൽ മനപ്പൂർവ്വം സാവധാനത്തിലാക്കി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചുവെന്നും മമത കുറ്റപ്പെടുത്തി. ബിജെപിക്കെതിരെയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് തങ്ങൾ മത്സരിച്ചതെന്നാണ് മമതയുടെ ആരോപണം. കമ്മീഷൻ ബിജെപിക്കായി പ്രവർത്തിച്ചുവെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങളെ തകർക്കുകയാണെന്നും മമത ആരോപിച്ചു. ഇന്നലത്തെ സംഭവവികാസങ്ങളെ ചരിത്രം ‘കറുത്ത അധ്യായം’ എന്ന് അടയാളപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പത്തംഗ വസ്തുതാന്വേഷണ സമിതിയെ മമത പ്രഖ്യാപിച്ചു. തങ്ങൾക്കൊപ്പം മതിയായ എണ്ണം ജനപ്രതിനിധികളുണ്ടെന്നും, ജാതിയോ മതമോ നോക്കാതെ ആളുകളെ വേട്ടയാടാനാണ് നീക്കമെങ്കിൽ ഭാവിയിൽ ശക്തമായ പ്രതിരോധം നേരിടേണ്ടി വരുമെന്നും മമത മുന്നറിയിപ്പ് നൽകി.തിങ്കളാഴ്ച പുറത്തുവന്ന ഫലം അനുസരിച്ച്, 293 അംഗ നിയമസഭയിൽ 206 സീറ്റുകൾ നേടി ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *