ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: എല്ലാ കോർപ്പറേഷനുകളിലും ബിജെപിയുടെ തകർപ്പൻ ലീഡ്
ഗാന്ധി നഗർ : ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർപ്പൻ മുന്നേറ്റവുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ ഗുജറാത്ത് ജനത വീണ്ടും ഭരണകക്ഷിക്കൊപ്പം ഉറച്ചുനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. സംസ്ഥാനത്തെ ആകെയുള്ള 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി കുതിക്കുന്നത്.ആകെയുള്ള 1,044 സീറ്റുകളിൽ ഭൂരിഭാഗവും ബിജെപി സ്വന്തമാക്കി കഴിഞ്ഞു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പലയിടങ്ങളിലും ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ്. ചുരുക്കം ചില വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. ആം ആദ്മി പാർട്ടിയും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. സൂറത്ത് പോലുള്ള ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ എഎപിക്ക് വലിയ തിരിച്ചടി നേരിട്ടു. എഎപി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊരതിയ സൂറത്ത് വാർഡ് നമ്പർ 4-ൽ പരാജയപ്പെട്ടു. അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, സൂറത്ത് എന്നീ പ്രധാന നഗരങ്ങളിലെല്ലാം ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. കോർപ്പറേഷനുകൾക്ക് പുറമെ 84 മുനിസിപ്പാലിറ്റികളിലും 34 ജില്ലാ പഞ്ചായത്തുകളിലും 260 താലൂക്ക് പഞ്ചായത്തുകളിലും ബിജെപി തന്നെയാണ് മുന്നിൽ.




