April 28, 2026

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ; എൻറോൾ ചെയ്തു

  • April 28, 2026
  • 1 min read
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ; എൻറോൾ ചെയ്തു

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത എ.ജി.പേരറിവാളൻ, തമിഴ്‌നാട്-പുതുച്ചേരി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 54-ാം വയസിൽ, ഒരു പ്രതിയായും, ശിക്ഷിക്കപ്പെട്ട വ്യക്തിയായും, അപ്പീൽ നൽകിയ ആളായും താൻ 31 വർഷം ചെലവഴിച്ച അതേ നിയമവ്യവസ്ഥയ്‌ക്ക് കീഴിലുള്ള മദ്രാസ് ഹൈക്കോടതിയിൽ പേരറിവാളൻ പ്രാക്ടീസ് ചെയ്യുമെന്നാണ് കരുതുന്നത്.കറുത്ത അഭിഭാഷക കുപ്പായമണിഞ്ഞെത്തിയ പേരറിവാളൻ, തന്റെ വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങളാണ് നിയമം പഠിക്കാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു. “ഒരു പ്രശസ്തനായ ക്രിമിനൽ വക്കീലാകുക എന്നതല്ല എന്റെ ലക്ഷ്യം. മറിച്ച്, നിയമസഹായം ലഭിക്കാതെ അഴികൾക്കുള്ളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരുടെ ശബ്ദമാകുക എന്നതാണ്. പ്രത്യേകിച്ച്, സാമ്പത്തികമില്ലാത്തത് കൊണ്ട് മാത്രം നീതി നിഷേധിക്കപ്പെട്ട്, അകാല മോചനത്തിനായി അനന്തമായി കാത്തിരിക്കുന്ന പാവപ്പെട്ട ജീവപര്യന്തം തടവുകാർക്ക് വേണ്ടിയായിരിക്കും എന്റെ പ്രവർത്തനം,” പേരറിവാളൻ പറഞ്ഞു.“ശിക്ഷിക്കപ്പെട്ടവരോട് വിവേചനം കാണിക്കാത്ത ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് എന്റെ സ്വപ്നം. കൂടാതെ ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ശിക്ഷാവിധിക്കു ശേഷമുള്ള കുറ്റവിമുക്തമാക്കൽ നിയമങ്ങളെ അംഗീകരിക്കുന്ന ഒന്നായിരിക്കണം അത്,” അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷം, 1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലായത്. തുടർന്നുണ്ടായ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പേരിൽ ഒരാളായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *