March 23, 2026

നഗ്‌നചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • March 23, 2026
  • 0 min read

സ്‌കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സജു വർഗീസിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്‌കൂളിലെ കുട്ടികൾക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈൽ ഫോൺ നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ ഫോണിലെ റിസൈക്കിൾ ബിന്നിൽ നിന്നും അവിചാരിതമായാണ് വിദ്യാർഥികൾ ഈ ചിത്രങ്ങൾ കണ്ടത്. തുടർന്ന് കുട്ടികൾ വീട്ടുകാരെ വിവരമറിയിക്കുകയും രക്ഷിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.വിദ്യാർഥിനികളുടെ മാത്രമല്ല, അതേ സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ വികൃതമായി നിർമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *