ചുനക്കര കിഴക്കുംമുറിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; കനാൽ തുറക്കാത്തത് കിണറുകൾ വറ്റാൻ കാരണമാകുന്നു

ചുനക്കര നിവാസികൾക്ക് കുടിവെള്ളം കിട്ടാകണി ആകുന്നു
Report Anish chunakara.
ചാരുംമൂട് : വേനൽ കനത്തതോടെ ചുനക്കര കിഴക്കുംമുറി പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെയും കിണറുകൾ വറ്റിവരണ്ടതോടെ ജനജീവിതം പൂർണ്ണമായും ദുസ്സഹമായിരിക്കുകയാണ്. കനാലിലൂടെയുള്ള ജലവിതരണം തടസ്സപ്പെട്ടതാണ് കിണറുകളിലെ ഉറവ നിലയ്ക്കാൻ പ്രധാന കാരണമായതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ജൽജീവൻ ടാപ്പിൽ രാത്രി മാത്രം ആണ് വെള്ളം വരുന്നത് അത് ജനങ്ങൾക്ക് വിനയക്കുന്നു,. KWA ഈ ചുനക്കര നിവാസികൾക്ക് പകൽ സമയം വെള്ളം എത്തിക്കാൻ വേണ്ട നടപടി ഉണ്ടാകണം.പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ കനാൽ വെള്ളം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കനാലിലൂടെ തുടർച്ചയായി വെള്ളം ഒഴുകിയാൽ മാത്രമേ പരിസരത്തെ കിണറുകളിൽ ഉറവ ലഭിക്കുകയുള്ളൂ. എന്നാൽ കനാൽ വെള്ളം എത്താത്തത് കാരണം കിണറുകൾ അടിയോടെ വറ്റുകയും കുടിവെള്ളത്തിനായി ജനങ്ങൾ കിലോമീറ്ററുകൾ അലയേണ്ട അവസ്ഥയിലുമാണ്.

നിത്യോപയോഗത്തിന് പോലും വെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ വലിയ തുക നൽകി സ്വകാര്യ ലോറികളിൽ എത്തിക്കേണ്ട സ്ഥിതിയാണ്. ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. കുടിവെള്ളത്തിന് പുറമെ പ്രദേശത്തെ കൃഷികളെയും വളർത്തുമൃഗങ്ങളെയും പരിപാലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റുന്നത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് പ്രദേശ നിവാസികൾ. വിഷയത്തിൽ പഞ്ചായത്ത് അധികൃതരും ജലസേചന വകുപ്പും അടിയന്തരമായി ഇടപെടണമെന്നും, കനാലിലൂടെയുള്ള ജലവിതരണം പുനഃസ്ഥാപിച്ച് കിണറുകളിലെ ഉറവ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: പ്രദേശത്തെ ഒരു കിണർ

