രേഖ രതീഷിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പൊട്ടിത്തെറിച്ച് ദിവ്യ ശ്രീധർ

നടി രേഖ രതീഷിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ ശ്രീധർ. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴച്ച് ഒരാളെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ക്രൂരമാണെന്നും ദിവ്യ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് താരം രേഖയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.രേഖയുടെ പഴയകാല ജീവിതത്തിലെ കാര്യങ്ങൾ ചർച്ചയാക്കുന്നവർക്കെതിരെ ദിവ്യ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കഴിഞ്ഞുപോയ കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നത് എന്നും ആരെയും ഇത്തരത്തിൽ വേദനിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും ദിവ്യ ഓർമ്മിപ്പിച്ചു. ഒരാളുടെ സ്വകാര്യ ജീവിതത്തെ മുൻനിർത്തി സോഷ്യൽ മീഡിയ വഴി നടത്തുന്ന വിചാരണകൾ അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു.സത്യത്തില്‍ രേഖ രതീഷ് പോസ്റ്റ് ചെയ്തത് അത്ര പ്രശ്‌നമുള്ള വീഡിയോ ആയിരുന്നില്ല. ചില ഓണ്‍ലൈന്‍ ചാനലുകളാണ് അത് പ്രശ്‌നമാക്കിയത്. അവരെ ഒരു ആത്മഹത്യയിലേക്ക് കൊണ്ടുപോവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഞാനും ഏട്ടനും സൈബര്‍ ബുള്ളിയിംഗിന് ഇരയായവരാണ്. മാന്യമായ രീതിയില്‍ കല്യാണം കഴിച്ചിട്ടും ഞങ്ങളെ ആരും വെറുതെ വിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നു പറഞ്ഞ് കുറച്ച് കാര്യങ്ങള്‍ രേഖ സംസാരിക്കുന്നു. പിന്നീടൊരു വീഡിയോ കോള്‍ വരുന്നു. ഒരു വ്യക്തിയുമായി സംസാരിക്കുന്നു. അപ്പോള്‍ തന്നെ നിങ്ങള്‍ തീരുമാനിച്ചു, ഇത് തന്നെയാണ് രേഖ രതീഷിന്റെ വരന്‍ എന്ന്. അഞ്ചാമത്തെ വിവാഹമായങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു. കാര്യങ്ങള്‍ അറിയാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുകയറി ഓരോന്ന് പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു?




