അനോമി– മനസ്സ് തുറന്ന് ഭാവന

അനോമി’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ഭാവന. ചിത്രത്തിൽ താൻ അവതരിപ്പിച്ച ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് തന്റെ ജീവിതത്തിൽ ഉടനീളം കൂടെയുണ്ടാകുമെന്ന് ഭാവന പറഞ്ഞു.വ്യത്യസ്തമായ പ്രമേയവുമായി എത്തിയ ‘അനോമി’ ബോക്സ് ഓഫീസിൽ മോശമല്ലാത്ത വിജയം കൈവരിച്ചിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതും ഗൗരവമേറിയതുമായ സാറ എന്ന കഥാപാത്രത്തെ ഭാവന മികവുറ്റ രീതിയിലാണ് സ്ക്രീനിൽ എത്തിച്ചത്. തന്റെ കരിയറിലെ പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നും താരം കൂട്ടിച്ചേർത്തു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ സജീവമായ ഭാവനയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം.എന്റെ പ്രിയപ്പെട്ട സാറ…. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ്! പ്രതിരോധശേഷിയുള്ളവളാണ്! ശാന്തയാണ്!! നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളത് ആയിരുന്നു!, നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും!! നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!!! നന്ദി!! എല്ലാത്തിനും നന്ദി,’ ഭാവന ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.’മരണത്തിന്റെ സമവാക്യം’ (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്‍തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.




