വ്യത്യസ്തതയുടെ വഴി വെട്ടിവന്ന നടി റോസ്ലിൻ

93ൽ പാഥേയത്തിലെ ചെറുവേഷത്തിലൂടെ സിനിമയിലെത്തി
പാഥേയത്തിൽ തുടങ്ങി 2018 വരെ എണ്ണപ്പെട്ട സിനിമകളിൽ അഭിനയ സാന്നിധ്യം അറിയിച്ചിട്ടും മാധ്യമങ്ങൾക്ക് ഇന്നുവരെ റോസ്ലിൻ എന്ന നടി ഒരു ബൈറ്റ് പോലും നൽകിയിട്ടില്ല. സിനിമയുടെ ബഹളങ്ങൾക്ക് നിന്ന് കൊടുത്തിട്ടുമില്ല. വരുന്നു അഭിനയിക്കുന്നു തിരിച്ചുപോകുന്നു .അതിനപ്പുറം റോസ്ലിൻ ആരെന്നും എന്തെന്നും അറിയുന്നവർ ഒരുപക്ഷേ ഇൻഡസ്ട്രിയിൽ തന്നെ വിരളമായിരിക്കും.
ചങ്ങനാശ്ശേരിക്കാരിയാണ് റോസ്ലിൻ. ഗീത തിയേറ്റേഴ്സിന്റെ നാടകങ്ങളിലൂടെ അഭിനയത്തിനൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷൻ കൊണ്ട് വേദികൾ ഇളക്കിമറിച്ച നടി. 93ൽ പാഥേയത്തിലെ ചെറുവേഷത്തിലൂടെ സിനിമയിലെത്തിയ റോസ്ലിന് അടുത്ത അവസരത്തിനായി നാലുവർഷം കാത്തി ഇരിക്കേണ്ടി വന്നു. 97 ലെ നീ വരുവോളത്തിൽ മകൾ രേഖാമോഹനെ റേപ്പ് ചെയ്യുന്ന സീനിൽ പ്രത്യക്ഷപ്പെട്ടത് റോസ്ലിന്റെ ഭർത്താവ് തന്നെ . ആ കാരണം കൊണ്ടാവാം നീ വരുവോളം കാണാൻ ഇന്നേവരെ നടിയുടെ മനസ്സ് പാകപ്പെട്ടിട്ടില്ല
നീ വരുവോളത്തിലെ അമ്മയെ മനോഹരമാക്കിയതിന് സിബി നൽകിയ ഉപഹാരം 98 ലെ പ്രണയവർണ്ണങ്ങളിലെ മഞ്ജു വാര്യരുടെ ചിറ്റ. 99ൽ ജനനിയിൽ ലുക്കീമിയ പേഷ്യന്റ് സിസ്റ്റർ വിക്ടോറിയയായി കഥയുടെ കേന്ദ്ര സ്ഥാനത്തും റോസ്ലിൻ വന്നു . അതേ വർഷം തന്നെ അങ്ങനെ ഒരു അവധികാലത്തിൽ സംയുക്തയുടെ അമ്മയായും റോസ്ലിൻ മികവ് തെളിയിച്ചു . സൂപ്പർ ഹിറ്റ് ചിത്രം ഡാർലിങ് ഡാർലിങ്ങിൽ സി ഐ പോളിനൊപ്പം ഭാര്യ സാവിത്രിയായി ചിരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് നടി തെളിയിച്ചു.
2001ൽ വക്കാലത്ത് നാരായൺകുട്ടിയിൽ നായകന്റെ അമ്മ . ഷാഹിനയായി മീരാ ജാസ്മിൻ നാഷണൽ അവാർഡ് സ്വന്തമാക്കിയ പാഠം ഒന്ന് വിലാപത്തിൽ ഒരു ഉമ്മയുണ്ട് .ഷാഹിനയുടെ ഭർത്താവായ റസാഖിന്റെ ഉമ്മ മകന്റെ രണ്ടാം കെട്ടിൽ അതൃപ്തെങ്കിലും പുറത്തു കാണിക്കാതെ അവന്റെ രണ്ടു ഭാര്യമാർക്കിടയിലും നിന്ന് നീറുന്ന അവന്റെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്തിയും ഒച്ചയടക്കിയും പ്രതികരിക്കുന്ന റോസ്ലിന്റെ ഉമ്മയെ സിനിമ കണ്ടവർ മറക്കില്ല .കഥാപാത്രമായി ജീവിക്കേണ്ടത് എങ്ങനെയെന്ന് ആ സിനിമയിൽ നടി കാണിച്ചുതരുന്നു .മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ചിത്രം റോസ്ലിന് സമ്മാനിച്ചു.
2000 അടൂരിന്റെ നാലു പെണ്ണുങ്ങളിൽ ഗീതുവിന്റെ അമ്മയായി മകളുടെ നിർഗുണനും തീറ്റി ഭ്രാന്തനുമായ ഭർത്താവിനെ ഉണ്ണുന്നതും ഒരു ജോലി തന്നെ എന്ന് പറഞ്ഞ് അർത്ഥം വെച്ച് നോക്കുന്ന റോസ്ലിന്റെ ഭാവാന്തരങ്ങൾ കാലാതീതം കൾട്ട് തന്നെ . 2009 ലാണ് കരിയറിൽ ഏറ്റവും കൂടുതൽ സിനിമകളിൽ റോസ്ലിൻ പ്രത്യക്ഷപ്പെടുന്നത് . ഏഴ് ചിത്രങ്ങൾ.




