February 12, 2026

ആദ്യ ഹൈവേ എയർ സ്ട്രിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി 14ന് ഉദ്ഘാടനം നിർവഹിക്കും

  • February 12, 2026
  • 1 min read

ചൈന അതിർത്തിയോട് ചേർന്ന് ഇന്ത്യ നിർമ്മിച്ചിട്ടുള്ള തന്ത്രപ്രധാനമായ ആദ്യ ഹൈവേ എയർ സ്ട്രിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. അസമിൽ നിർമ്മിച്ചിട്ടുള്ള എയർ സ്ട്രിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 14നാണ് നിശ്ചയിച്ചിട്ടുള്ളത്. ചരിത്രപ്രധാനമായ ഈ പരിപാടിയിൽ പ്രധാനമന്ത്രിയുടെ വിമാനം നേരിട്ട് എയർസ്ട്രിപ്പിൽ ഇറങ്ങും. ഇതോടൊപ്പം ഇന്ത്യയുടെ സുഖോയ്, റാഫേൽ ജെറ്റുകളും ഈ തന്ത്രപ്രധാന എയർ സ്ട്രിപ്പിൽ ഇറങ്ങുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ സൈനിക, സിവിലിയൻ വിമാനങ്ങൾക്കായി 4.2 കിലോമീറ്റർ നീളമുള്ള ഒരു ലാൻഡിംഗ് സ്ട്രിപ്പ് ആണ് അസമിലെ ചൈന അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. അസമിലെ നാഷണൽ ഹൈവേ 127 ലെ ദിബ്രുഗഡ്-മോറാൻ സെക്ഷനിൽ പുതുതായി നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ ആണ് പ്രധാനമന്ത്രിയുടെ വിമാനവും യുദ്ധവിമാനങ്ങളും ലാൻഡ് ചെയ്യുക. വടക്കുകിഴക്കൻ മേഖലയിലെ ഹൈവേയിൽ നിർമ്മിച്ച ആദ്യത്തെ എയർസ്ട്രിപ്പിന്റെ ഉദ്ഘാടനമാണിത്. ഗുവാഹത്തിയിൽ എത്തിയ ശേഷം പ്രധാനമന്ത്രി മോദി ഒരു സൈനിക വിമാനത്തിൽ ദിബ്രുഗഡിലേക്ക് പറക്കും. തുടർന്ന് ദിബ്രുഗഡ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് പകരം പ്രധാനമന്ത്രിയുടെ വിമാനം പുതുതായി നിർമ്മിച്ച ഹൈവേ എയർ സ്ട്രിപ്പിൽ ആയിരിക്കും ഇറങ്ങുക. പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ് ചെയ്‌തതിനുശേഷം, ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്, റാഫേൽ ജെറ്റുകൾ ELF-ൽ ഇറങ്ങും. ഈ പ്രദർശനം ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ആളുകളുടെയും മൃഗങ്ങളുടെയും പ്രവേശനം തടയാൻ റോഡിന്റെ ഇരുവശത്തും സുരക്ഷാ വേലിയുടെ നിർമ്മാണവും പൂർത്തിയായതായി അസം മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *