March 31, 2026

വയല്‍ക്കിളികളും വേട്ടക്കാരും.

  • March 31, 2026
  • 1 min read

തളിപ്പറമ്പ് പട്ടണത്തില്‍ നിന്നും 1 കിലോമീറ്റര്‍ മാത്രം ദൂരയായി ഏകദേശം 1 കിലോ മീറ്ററോളം നീളത്തില്‍ വെറും 90 മീറ്റര്‍ വീതിയുള്ള ഒരു നെല്‍വയല്‍ ഉണ്ട്.
7 വാര്‍ഡുകളിലെ 7000 ത്തിനും 9000 ത്തിനും ഇടയില്‍ ആളുകള്‍ക്ക് വെള്ളം നല്‍കുന്നതില്‍ സുപ്രധാന സംഭാവന നര്‍കുകയും കഴിഞ്ഞ 4-5 വര്‍ഷങ്ങളായി നെല്‍കൃഷി നടക്കുകയും ചെയ്യുന്ന സ്ഥലം.
ഏകദേശം 60 കുടുംബങ്ങള്‍ കൃഷി ചെയ്യുന്ന നെല്‍പ്പാടം.

തളിപ്പറമ്പ് പട്ടണത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം വയല്‍ ആയതിനാലും ഹൈവെയില്‍ നിന്നും നേരിട്ട് പ്രവേശിക്കാവുന്നതല്ലാത്തതിനാലും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് അത്ര താത്പര്യമില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കഴിഞ്ഞ VS അച്യുതാനന്ദന്‍റെ LDF സര്‍ക്കാര്‍ നടപ്പാക്കിയതു കൊണ്ട് മണ്ണിട്ട് നികത്താനും കഴിയുന്നില്ല. അങ്ങനെ റിയല്‍ എസ്റ്റേറ്റ് കഴുകന്‍മാരില്‍ നിന്നും ആ കുഞ്ഞുങ്ങള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്‍റെ ചിറകിനടിയില്‍ ഒളിച്ചു പാര്‍ത്തു.

കാലം കടന്നു പോയപ്പോള്‍, കേരളത്തിലെ ഹൈവേകളുടെ വീതി നിലവിലുള്ള വാഹനങ്ങളെ ഉള്‍ക്കൊള്ളാവുന്നതിന്‍റെ പാരമ്യതയ്ക്കും അപ്പുറത്തായി. ഹൈവേയ്ക്ക് മിനിമം 45 മീറ്റര്‍ വീതി വേണം എന്ന അവസ്ഥയായി. പക്ഷെ നിലവിലുള്ള പാത വികസിപ്പിക്കാന്‍ വീതി കൂട്ടി സ്ഥലം ഏറ്റെടുത്താല്‍ നഷ്ടപ്പെടുന്നത് പട്ടണങ്ങളിലെ കോടികള്‍ വിലയുള്ള വ്യാപാര സമുച്ചയങ്ങളും പള്ളികളും ക്ഷേത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും അവരുടെ അനുഭാവികളുടെയും സ്ഥാപനങ്ങളും വീടുകളുമാണെന്ന യാഥാര്‍ത്ഥ്യം വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.
അപ്പോഴാണ് പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാതെ പാര്‍ശ്വ പ്രദേശിങ്ങളിലൂടെ ബൈപാസ്സ് നിര്‍മ്മിക്കാം എന്ന ആശയം ഉടലെടുത്തത്.

സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങള്‍ പൊളിക്കുന്നതിനേക്കാള്‍ നല്ലത് ബൈപ്പാസുകളാണ്. അതും പട്ടണങ്ങളുടെ അതിര്‍ത്തികളില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന വയലുകളും വെള്ളക്കെട്ടുകളും നികത്തി നിര്‍മ്മിക്കുന്ന ബൈപ്പാസുകള്‍.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ ആദ്യ പടി കൃഷിയുള്ള നെല്‍പ്പാടങ്ങളിലെ കൃഷി ലാഭകരമല്ലാതാക്കുക, അതിനായി പ്ലാസ്റ്റിക്,സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ പോലെയുള്ള വിശിഷ്ട വസ്തുക്കള നെല്‍വയലുകളില്‍ നിക്ഷേപിക്കുക, താമസിയാതെ കൃഷി ഇല്ലാതെ ആളുകള്‍ ഇത് തരിശിടും അതിന് ശേഷം ചുളു വിലയില്‍ ഈ ഭൂമി കൈക്കലാക്കാന്‍ വന്‍കിട മുതലാളിമാര്‍ എത്തും (ക്ഷമിക്കണം മുതലാളിമാര്‍ എന്നത് ബൂര്‍ഷ്വാ പ്രയോഗമാണ്, അവരെ നമ്മള്‍ ആദരവോടെ നിക്ഷേപകര്‍ എന്നു വിളിക്കണം!)

ഇനി നമുക്കു ഹൈവെ ബൈപാസ് ഇതുവഴി നിര്‍മ്മിക്കാം, അതോടൊപ്പം വശങ്ങളിലെ സ്ഥലം മണ്ണിട്ട് നികത്താം, ഇതാ ഹൈവെ സൈഡില്‍ മനോഹരമായ കര ഭൂമി ഉയര്‍ന്നു വന്നു, എത്ര സിംപിളാണ്.
ഇതാണ് ബൈപാസ്, നിയമത്തിന്‍റെ ബൈപാസ് !!!

കീഴാറ്റൂരില്‍ 90 മീറ്റര്‍ വീതിയുള്ള വയല്‍ 45 മീറ്റര്‍ വീതിയുള്ള ഹൈവേയ്ക്കായി നികത്തുമ്പോള്‍ ഇരു വശങ്ങളിലെയും സ്ലോപ് കൂടി കണക്കാക്കിയാല്‍ ഏകദേശം 60 മീറ്റര്‍ വീതിയില്‍ വയലിന്‍റെ നടുവിലൂടെ വലിയ ഒരു കരമണ്ണ് വരമ്പ് കടന്നു പോകും, അതായത് പിന്നെ ബാക്കി വരുന്നത് വെറും 30 മീറ്റര്‍ , വ്യക്തമായി പറഞ്ഞാല്‍ 15 മീറ്റര്‍ വീതിയുള്ള രണ്ട് വയലുകള്‍ ഹൈവെയുടെ ഇരുവശത്തും സൃഷ്ടിക്കപ്പെടും. ഈ 15 മീറ്ററില്‍ കൃഷി അസാധ്യാമായതിനാല്‍ താമസിയാതെ അവിടം മണ്ണിട്ട് നികത്തി ഫലത്തില്‍ കീഴാറ്റൂരിലെ പുഞ്ചപ്പാടം ഓര്‍മ്മ മാത്രമാകും.

ഹൈവെയോ ബൈപാസോ ആരും എതിര്‍ക്കില്ല, പക്ഷെ നെല്‍വയല്‍ നികത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

ഇനി മറ്റൊരു രസകരമായ കാര്യം.
ഇവിടെ ആദ്യം പറഞ്ഞ വില സെന്‍റിന് 30000 രൂപ, എന്നാല്‍ ഇപ്പോള്‍ 4 ലക്ഷമാക്കി ഉയര്‍ത്തി, ഇതേ വയലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് തരിശായി കിടക്കുന്ന സ്ഥലമുണ്ട്, അവിടെ 30 വീടുകളുണ്ട്. അവര്‍ക്‌ സെന്‍റിന് 4 ലക്ഷം കൊടുത്താല്‍ സ്ഥലം വിട്ടു കൊടുക്കാന്‍ തയ്യാറാണ്, അത് വേണ്ട വയലിലൂടെ ബൈപാസ് വേണം എന്ന നിര്‍ബന്ധമാണ് ചിലര്‍ക്ക്.
ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ലഭിച്ചാല്‍ ഒരു പക്ഷെ ബൈപാസിന് പകരം ടൗണില്‍ തന്നെ കടകള്‍ ഏറ്റെടുത്ത് വീതി കൂട്ടാം എന്ന കാര്യം പോലും ആരും പരിശോധിക്കുന്നില്ല!!
മറ്റൊരു കാര്യം മണ്ണിട്ട് നികത്താതെ തൂണുകളില്‍ എലിവേറ്റഡ് ഹൈവെ ആക്കായാലെന്താ എന്ന ആവശ്യം പോലും CPM നേതൃത്വത്തിലുള്ളവര്‍ അംഗീകരിക്കില്ല , എന്താണ് കാരണം എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഓട്, ഇഷ്ടിക നിര്‍മ്മാണത്തിനുള്ള ചെളിക്ക് വളരെയധികം ദൗര്‍ലഭ്യം നേരിടുന്ന ഈ കാലത്ത്, മണ്ണിട്ട് നികത്തി റോഡ് പണിയാന്‍ ഏകദേശം 2 അല്ലെങ്കില്‍ 3 മീറ്റര്‍ താഴ്ചയില്‍ ചെളി ഖനനം ചെയ്യണം.അതിലൂടെ 1 മുതല്‍ 1.5 ലക്ഷം ലോഡ് വരെ ചെളി ലഭിക്കും. ലോഡിന് 5000 രൂപ മിനിമം ലഭിച്ചാല്‍ 50 ഓ 75 ഓ കോടി രൂപയുടെ ചെളി വ്യാപാരം!

മണ്ണിട്ട് നികത്താനായി 9-10 മീറ്റര്‍ ഉയരത്തില്‍ മണ്ണ് വേണം. ഏകദേശം 8 ലക്ഷം ലോഡ് മണ്ണ്.ലോഡിന് 700 രൂപയിലധികം വിലയുണ്ട്. അതായത് ഏറ്റവും കുറഞ്ഞത് 56 കോടി രൂപയുടെ മണ്ണിന്‍റെ ഇടപാടുകള്‍.

അതിനായി ഇടിക്കുന്ന കുന്നുകള്‍, അവിടെ ഉയരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്. അത് മറ്റൊരു ലാഭം.

അന്‍വറും തോമസ്സ് ചാണ്ടിയും രവി പിള്ളയും സാന്‍റിയാഗോ മാര്‍ട്ടിനും ഒക്കെ മുതലാളിമാര്‍ എന്ന പദവിയില്‍ നിന്നും അധ്വാനിച്ചു പണമുണ്ടാക്കി അത് നാടിന്‍റെ വികസനത്തിനും തൊഴിലവസരം സൃഷ്ടിക്കാനും നിക്ഷേപിക്കുന്ന ‘നിക്ഷേപകര്‍’ എന്ന പദവിയിലേക്ക് പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ CPM മഹാരാഷ്ട്രയില്‍ ലോംഗ് മാര്‍ച്ചിന് ഉപയോഗിച്ച കര്‍ഷക സംഘത്തിന്‍റെ കൊടി കീഴാറ്റൂരിലെ വയലില്‍ നാട്ടി അതിന് താഴെ പണം നല്‍കിയാല്‍ ഈ ഭൂമി നികത്താന്‍ നല്‍കാം എന്ന് കര്‍ഷകന്‍റെ പേരില്‍ പ്ലക്കാര്‍ഡ് സ്ഥാപിച്ചതില്‍ അതിശയമില്ല.

CPM ആദ്യം വയല്‍ക്കിളികളുടെ കൂട് കത്തിച്ചു, 70 വയസ്സിന്‍റെ ആനുകൂല്യത്തില്‍ കൊലക്കേസ് പ്രതി കുഞ്ഞനന്തനെ വിട്ടയക്കാന്‍ തീരുമാനമെടുത്ത അതേ മാസത്തില്‍ 85 വയസ്സുള്ള ജാനകി എന്ന വയല്‍ക്കിളിയെ പോലിസ് ശിക്കാരികളെ കൊണ്ട് വേട്ടയാടി.

കീഴാറ്റൂരില്‍ ഭൂമിയുള്ള 60 കുടുംബങ്ങളില്‍ വെറും 4 കുടുംബങ്ങളെ ചാക്കിട്ട് പിടിച്ച്, വികസന സമിതി എന്ന പേരില്‍ ഭൂമി വിട്ടുനല്‍കാം എന്ന നാടകം നടത്തി അപഹാസ്യരായി.

സമര നേതാവായ പഴയ CPM നേതാവിന്‍റെ വീട്ടിലേക്കുള്ള വഴി നെല്‍വയല്‍ നികത്തിയാതണെന്ന ആരോപണവുമായെത്തി, 90 മീറ്റര്‍ വീതിയുള്ള വയലിന്‍റെ കുറുകെ 8 മീറ്റര്‍ വീതിയുള്ള, വിവിധ കുടുംബങ്ങള്‍ക്കായുള്ള വഴി സുരേഷിന്‍റെ മാത്രമാണ് എന്ന വാദം പൊളിഞ്ഞു.
കീഴാറ്റൂരിലെ വിവിധ കുടുംബത്തിന് ആവശ്യമായ റോഡ് അന്ന് നിര്‍മ്മിച്ചപ്പോള്‍ CPM എന്താ എതിര്‍ക്കാഞ്ഞത്?
8 മീറ്റര്‍ വീതിയില്‍ കുറുകെ നിര്‍മ്മിച്ച റോഡ് നെല്‍വയലിനെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് കാലം തെളിയിച്ചതാണ്.ആ റോഡിനെ ഇപ്പോഴത്തെ നെടുകെയുള്ള വീതി കൂടിയ റോഡുമായി താരതമ്യം ചെയ്ത് വീണ്ടും CPM അപഹാസ്യരായി.!

ഏകദേശം 60 സെന്‍റ്‌ ഭൂമിയുള്ള സുരേഷ് കീഴാറ്റൂര്‍ സെന്‍റിന് 4 ലക്ഷം രൂപ വില കൊടുക്കുമ്പോള്‍ ലഭിക്കാവുന്ന 2.4 കോടി രൂപ വേണ്ടെന്ന് വെച്ച് സമരം ചെയ്യുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്നത് മര്യാദയാണോ?

തൂണുകളില്‍ ഉയര്‍ത്തി നിര്‍മ്മിക്കുന്ന ഹൈവെയ്ക്‌ ഭൂമി ഏറ്റെടുക്കലിന് ഇത്രയും പണം നല്‍കേണ്ടതില്ല, അവിടെ നെല്‍ കൃഷി നടത്താനും, മഴക്കാലത്ത് ജലം സംഭരിച്ച് പരിസരത്തെ കിണറുകളിലും കുളങ്ങളിലും വേനല്‍ക്കാലത്ത് ജലനിരപ്പ് താഴാതെ നിലനിര്‍ത്താനുമുള്ള അവസരം നല്‍കിയാല്‍ മതി.

മണ്ണിട്ട് നികത്തിയ റോഡിലൂടെ അന്യസംസ്ഥാനത്ത് നിന്നും ലോറിയില്‍ ടണ്‍ കണക്കിന് അരി കൊണ്ടു വരാം അതിനായി ഈ ചെറിയ നെല്‍വയല്‍ നികത്താം എന്ന വാദവുമായി എത്തുന്ന ആധുനിക സഖാക്കന്‍മാര്‍ക്ക്, വീഴ്ച പറ്റിയെന്ന് സമ്മതിക്കാനും തെറ്റു തിരുത്താനും കുറെ വര്‍ഷങ്ങള്‍ വേണ്ടി വരും, അപ്പോഴേക്കും നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് നികത്തിയ നെല്‍വയല്‍ മൃതിയടഞ്ഞിട്ടുണ്ടാകും.

മാ….നിഷാദാ…..കിളികള്‍ പറക്കട്ടെ….

(കെട്ടി നില്‍ക്കുന്ന വെള്ളവും കൊതുകും കൂത്താടിയും രോഗങ്ങളും ആയി കൊച്ചി വേവലാതിപ്പെടുമ്പോള്‍, നികത്തിയ വയലുകളുടെയും കൊന്നു തിന്നതും കയറ്റുമതി ചെയ്തതുമായ തവളകളുടെയും ആത്മാക്കള്‍ പരിഹസിച്ച് ചിരിക്കുന്നു!!)

Leave a Reply

Your email address will not be published. Required fields are marked *