സ്പാ കേസ് പ്രതികള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

തിരുവല്ല : കേരളത്തെ നടുക്കിയ തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും പോലീസ് വലയിലായി. ഒളിവിലായിരുന്ന കിരൺ, സജിൻ എന്നിവർ തിരുവല്ല പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിലെ ആറ് പ്രതികളും അറസ്റ്റിലായി.
നേരത്തെ, കേസിലെ മറ്റൊരു പ്രതിയായ ‘വൊക്കൻ’ എന്നറിയപ്പെടുന്ന പ്രശോഭിനെ റാന്നിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതി ‘മരണ സുബിൻ’, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.ഗുണ്ടാപിരിവ് നൽകാത്തതിലുള്ള വൈരാഗ്യമാണ് സ്പാ ജീവനക്കാരിക്ക് നേരെയുള്ള അതിക്രൂരമായ ആക്രമണത്തിന് കാരണമായത്. കാപ്പാ പ്രതിയായ സുബിന്റെ നേതൃത്വത്തിലായിരുന്നു പീഡനം. ബിസിനസ് രംഗത്തെ എതിരാളികൾ നൽകിയ ക്വട്ടേഷനാണോ ഇതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്പായിലെ മറ്റൊരു ജീവനക്കാരിയുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന ഇരയുടെ മൊഴി പോലീസ് ഗൗരവമായി കാണുന്നുണ്ട്. ഇവർക്കും ആൺസുഹൃത്തിനുമെതിരെ ഉടൻ നടപടിയുണ്ടാകും. തിരുവല്ല സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് സ്പാ ഉടമകളുമായും ഗുണ്ടകളുമായും വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

