രാജ്യത്തെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ന്നടിഞ്ഞു

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം കടുത്തതോടെ രാജ്യത്തെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ന്നടിഞ്ഞു. രണ്ട് വ്യാപാര ദിനങ്ങളിലായി സെന്‍സെക്‌സില്‍ 3,326 പോയിന്റ് ഇടിവാണുണ്ടായത്. രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയില്‍ വില വര്‍ദ്ധനയുമാണ് നിക്ഷേപകര്‍ക്ക് വെല്ലുവിളിയാകുന്നത്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 116 ഡോളറിലേക്ക് നീങ്ങിയതിനാല്‍ സാമ്പത്തിക രംഗത്ത് വിലക്കയറ്റ ഭീതി രൂക്ഷമാണ്. വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. സെന്‍സെക്സ് ഇന്നലെ 1,636 പോയിന്റ് ഇടിഞ്ഞ് 71,947.55ല്‍ അവസാനിച്ചു. നിഫ്റ്റി 488.20 പോയിന്റ് തകര്‍ന്ന് 22,331.40ല്‍ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി സൂചികയില്‍ ഇന്നലെ 2.5 ശതമാനം ഇടിവുണ്ടായി. 2020 മാര്‍ച്ചിലെ കൊവിഡ് കാലത്തിന് ശേഷം വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ദൃശ്യമാകുന്നത്. ഇറാന്‍ യുദ്ധം ധനകാര്യ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ഇന്ത്യയിലെ സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ ഓഹരി വില ഇന്നലെ 2.5 ശതമാനം ഇടിഞ്ഞു.രണ്ട് ദിവസത്തിനിടെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ് – 18 ലക്ഷം കോടി രൂപഇന്ധന പ്രതിസന്ധി അതിരൂക്ഷം ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് ഇടനാഴി ഒരു മാസമായി അടഞ്ഞു കിടക്കുന്നതിനാല്‍ ആഗോള സാമ്പത്തിക മേഖല കടുത്ത വിലക്കയറ്റ ഭീഷണിയിലാണ്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വ്യാപാരം തടസപ്പെട്ടതിനാല്‍ കമ്പനികളുടെ ഉത്പാദന ചെലവേറുകയാണ്. മാര്‍ച്ച് മാസത്തില്‍ എണ്ണവിലയില്‍ 60 ശതമാനം വര്‍ദ്ധനയുണ്ട്. ക്രൂഡോയില്‍ വില ഓരോ ഡോളര്‍ കൂടുമ്പോഴും ഇന്ത്യയുടെ ഇറക്കുമതി ബില്‍ 1,600 കോടി രൂപ ഉയരും.



