February 10, 2026

കേന്ദ്ര നയങ്ങൾക്കെതിരെ നാളെ മുതൽ 24 മണിക്കൂർ ദേശീയ പൊതുപണിമുടക്ക്; കേരളം സ്തംഭിക്കുമെന്ന് ട്രേഡ് യൂണിയനുകൾ

  • February 10, 2026
  • 1 min read
കേന്ദ്ര നയങ്ങൾക്കെതിരെ നാളെ മുതൽ 24 മണിക്കൂർ ദേശീയ പൊതുപണിമുടക്ക്; കേരളം സ്തംഭിക്കുമെന്ന് ട്രേഡ് യൂണിയനുകൾ

തിരുവനന്തപുരം : ലേബർ കോഡുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നയമങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും.ബുധനാഴ്‌ച അർധരാത്രി മുതല്‍ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.തൊഴിലുകള്‍ നിർത്തിവച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്രകള്‍ ഒഴിവാക്കിയും വാഹനങ്ങള്‍ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യാപകർക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാർഥി സംഘടനകളും പണിമുടക്കിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ പണിമുടക്കിന്‌ മുന്നോടിയായി തൊഴിലുടമകള്‍ക്ക്‌ ട്രേഡ്‌ യൂണിയനുകള്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്.ബുധൻ അർധരാത്രി 12ന്‌ ആരംഭിക്കുന്ന പണിമുടക്ക്‌ വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിൻ്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. സംസ്ഥാനത്ത്‌ അഞ്ഞൂറ്‌ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴില്‍ കോഡുകള്‍ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത്‌ ഭേദഗതി ബില്ലുകള്‍ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തിയിട്ടുണ്ട്.ഇൻഷുറൻസ്‌ മേഖലയില്‍ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നീ വിഷയങ്ങളും തൊഴിലാളികള്‍ ഉയർത്തിയിട്ടുണ്ട്. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ – യുഎസ്‌ വ്യാപാര കരാറിനും എതിരെ പണിമുടക്കില്‍ ജനവികാരമുയരുമെന്ന് തൊഴിലാളി സംഘടനകള്‍ പറഞ്ഞു.ഇന്ത്യയിലെ പോരാട്ടങ്ങളുടെ പുതുയുഗമാണ്‌ വ്യാഴാഴ്‌ചത്തെ ദേശീയ പൊതുപണിമുടക്കിലൂടെ പിറക്കുകയെന്ന്‌ സി ഐ ടി യു വൈസ്‌ പ്രസിഡൻ്റ് തപൻ സെൻ ട്രേഡ്‌ യൂണിയനുകളുടെ സംയുക്ത വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പണിമുടക്കുണ്ടാകുമെന്നും എ ഐ ടി യു സി ജനറല്‍ സെക്രട്ടറി അമർജിത്‌ ക‍ൗർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *