March 22, 2026

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷ

  • February 8, 2026
  • 1 min read

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷ; 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ​ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഗോവയ്‌ക്കെതിരെ കേരളം പിടിമുറുക്കുന്നു. കേരളം ഉയർത്തിയ 364 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക്, രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് 279 റൺസിന് അവസാനിച്ചിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. രണ്ട് വിക്കറ്റിന് 37 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വരുൺ നായനാരും കൈലാസ് ബി. നായരും ചേർന്ന് മികച്ച അടിത്തറ നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത കൈലാസിനെ അനൂജ് യാദവാണ് പുറത്താക്കിയത്. എന്നാൽ ചിഗുരുപതി വെങ്കട എറിഞ്ഞ അടുത്ത ഓവറിൽ തുടർച്ചയായ പന്തുകളിൽ അഹ്മദ് ഇമ്രാനും ഷോൺ റോജറും പുറത്തായത് കേരളത്തെ ഒരു ഘട്ടത്തിൽ സമ്മർദ്ദത്തിലാക്കി. ഇരുവർക്കും റണ്ണൊന്നും നേടാനായില്ല. തുടർന്നെത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീണും വരുൺ നായനാരും ചേർന്നുള്ള തക‍ർപ്പൻ കൂട്ടുകെട്ടാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു. 109 റൺസെടുത്ത വരുണിനെ യഷ് കസവങ്കർ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടുപിന്നാലെ 75 റൺസെടുത്ത അഭിജിത് പ്രവീണിനെ കസവങ്കർ തന്നെ ക്ലീൻ ബൗൾഡാക്കി. അവസാന ഓവറുകളിൽ ജിഷ്ണുവിൻ്റെ കൂറ്റനടികളാണ് കേരളത്തിൻ്റെ സ്കോർ 279-ൽ എത്തിച്ചത്. 39 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സുമടക്കം ജിഷ്ണു 40 റൺസെടുത്തു. അഞ്ച് വിക്കറ്റെടുത്ത അനൂജ് യാദവാണ് ഗോവ ബൗളിങ് നിരയിൽ തിളങ്ങിയത്. യഷ് കസവങ്കർ മൂന്നും ചിഗുരുപതി വെങ്കട രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്ന് റൺസെടുത്ത ഓപ്പണർ ശാർദ്ദൂൽ സന്തോഷ് സേത്തിനെ പവൻ രാജ് പുറത്താക്കി. 15 റൺസെടുത്ത വിരാജ് നായിക്കിനെ ജെ.എസ്. അനുരാജും, 22 റൺസെടുത്ത യഷ് കസവങ്കറെ കൈലാസ് ബി. നായരും മടക്കി അയച്ചു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഗോവ 3 വിക്കറ്റിന് 63 റൺസ് എന്ന നിലയിലാണ്. 21 റൺസോടെ ശന്തനു നെവാഗിയും റണ്ണൊന്നുമെടുക്കാതെ സമർഥുമാണ് ക്രീസിൽ.

Leave a Reply

Your email address will not be published. Required fields are marked *