February 22, 2026

‘ജനനായകൻ’ ഫെബ്രുവരി 20-ന്

  • February 8, 2026
  • 1 min read

‘ജനനായകൻ’ നീണ്ട നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വെള്ളിത്തിരയിലേക്ക്. തമിഴ് സിനിമയും രാഷ്ട്രീയവും ഒരുപോലെ ഉറ്റുനോക്കുന്ന ഈ ചിത്രം ഫെബ്രുവരി 20-ന് എത്തുന്നതോടെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ പരിഹരിച്ച്, നിർദേശിച്ച മാറ്റങ്ങളോടെ ചിത്രം ഈ മാസം 20-ന് തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്‌ഷൻസ് ലക്ഷ്യമിടുന്നത്.കോടതി നടപടികളുമായി മുന്നോട്ടുപോകുന്നത് റിലീസ് ഇനിയും വൈകിപ്പിക്കുമെന്നതിനാൽ സെൻസർ ബോർഡിന്റെ നിബന്ധനകൾ അംഗീകരിക്കാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, അതിനുമുൻപ് ചിത്രം പ്രേക്ഷകരിലെത്തിക്കുക എന്നത് ടി.വി.കെ. നേതാവ് കൂടിയായ വിജയിക്കും പാർട്ടിക്കും നിർണായകമാണ്.വിജയിന്റെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായകനെ’ കാത്തിരിക്കുന്നത്. നേരത്തെ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് ചെയർമാൻ പുനഃപരിശോധനാ സമിതിക്ക് വിട്ടതോടെയാണ് നിയമക്കുരുക്കിലായത്.സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോൾ അനുരഞ്ജന പാത സ്വീകരിച്ചിരിക്കുന്നത്. വിവാദ ഭാഗങ്ങൾ വെട്ടിമാറ്റി ദൈർഘ്യം കുറച്ചാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *