March 23, 2026

ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ്കുമാർ പറഞ്ഞതായി മുൻ സ്റ്റാഫ് അംഗത്തിന്റെ സാക്ഷിമൊഴി

  • February 7, 2026
  • 0 min read
ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ്കുമാർ പറഞ്ഞതായി മുൻ സ്റ്റാഫ് അംഗത്തിന്റെ സാക്ഷിമൊഴി

.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും ലൈംഗികാരോപണക്കേസുകളിൽ കുടുക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ തന്നോടു പലവട്ടം പറഞ്ഞിട്ടുണ്ടെന്നു മുൻ പഴ്സനൽ സ്റ്റാഫ് അംഗം സുധീർ മലയിലിന്റെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ.അർജുൻ രാജിന് മുൻപാകെയാണു മൊഴി നൽകിയത്. സോളർ പീഡനക്കേസിലെ പരാതിക്കാരിയും ഗണേഷും പ്രതികളായ സോളർ ഗൂഢാലോചന കേസിൽ സാക്ഷിയാണു സുധീർ. 2011 മുതൽ 2013 വരെ സംസ്ഥാന വനം,കായിക മന്ത്രിയായിരുന്ന ഗണേഷിന്റെ പഴ്സനേൽ സ്റ്റാഫ് അംഗമായിരുന്നു. ഗണേഷ്കുമാർ പരാതിക്കാരിയുമായി അടുത്ത ബന്ധം പുലർത്തുന്നതായി ബോധ്യപ്പെട്ടിരുന്നെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫിസുകളിലും അവർ നിത്യസന്ദർശകയായിരുന്നെന്നും മൊഴിയിലുണ്ട്.ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള കത്തു നൽകിയിട്ടും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗണേഷിനെ സംരക്ഷിച്ചു. മുൻഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസെടുത്ത കേസിനും പ്രതിപക്ഷ പ്രതിഷേധത്തിനും പിന്നാലെ 2013 ഏപ്രിൽ 2നു മന്ത്രി രാജിവച്ചു. പിന്നീട് ഉമ്മൻചാണ്ടിയും ഷിബു ബേബിജോണും ചേർന്നു കേസ് ഒത്തുതീർപ്പാക്കി. മന്ത്രിസ്ഥാനം തിരികെ ലഭിക്കാൻ ഗണേഷ് പലതവണ ഉമ്മൻചാണ്ടിയെ സമീപിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ടും നടന്നില്ല. അക്കാലത്താണ്, മന്ത്രിയാക്കാത്ത ഉമ്മൻചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തെയും യുഡിഎഫ് നേതാക്കളെയും പീഡനക്കേസിൽ കുടുക്കുമെന്നും തന്നോടു പറഞ്ഞത്. പിന്നീടു ഗണേഷ് എൽഡിഎഫിലേക്കു പോയി. പത്തനാപുരത്തുനിന്നു വീണ്ടും എംഎൽഎ ആയി. സോളർ കേസിലെ പരാതിക്കാരി പീഡനപരാതികളുമായി രംഗത്തെത്തുമ്പോഴാണു ഗണേഷ് മുൻപു പറഞ്ഞതു യാഥാർഥ്യമായെന്നു ബോധ്യപ്പെട്ടതെന്നും സുധീർ മൊഴി നൽകി.കേസിൽ അവധിക്ക് അപേക്ഷ നൽകിയ സാക്ഷി അഡ്വ.ഫെനി ബാലകൃഷ്ണനോട് 12നു ഹാജരാകാൻ കോടതി നിർദേശിച്ചു. സോളർ ഗൂഢാലോചന കേസ് പ്രചാരണ ആയുധമാക്കുകയാണെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ തുടർനടപടികൾ മാറ്റിവയ്ക്കണമെന്നുമുള്ള ഗണേഷ്കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. സോളർ കേസിലെ പരാതിക്കാരി അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചു അഡ്വ.സുധീർ ജേക്കബ് അഡ്വ.ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയാണു കൊട്ടാരക്കര കോടതി പരിഗണിക്കുന്നത്. പരാതിക്കാരിക്കു വേണ്ടി അഡ്വ.ടൈറ്റസ് തോമസും രണ്ടാം പ്രതി ഗണേഷ്കുമാറിനു വേണ്ടി അഡ്വ.ഷൈൻ പ്രഭയും ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *