കനത്ത വെയ്ലിലും കാക്കിയുടെ കരുതൽ മാതൃകയാകുന്നു…

REPORT: SUMESH K K PERUMBAVOOR
കാക്കിയിലെ കരുതൽ, ചുട്ടുപൊള്ളുന്ന വെയിലിലും തണലായി പോലീസ് ഉദ്യോഗസ്ഥൻ….
പെരുമ്പാവൂർ : നട്ടുച്ചവെയിലിൽ നടുറോഡിൽ പകച്ചുനിന്ന ഡ്രൈവർക്ക് ആശ്വാസമായി പെരുമ്പാവൂർ പോലീസിന്റെ സ്നേഹസ്പർശം. ഡ്യൂട്ടിത്തിരക്കുകൾക്കിടയിലും സഹജീവിക്ക് സഹായഹസ്തവുമായി എത്തിയ പെരുമ്പാവൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ജിയോ P വർഗീസ് തിങ്കളാഴ്ച നഗരത്തിന് മാതൃകയായത്.അങ്കമാലി കറുകുറ്റിയിൽ നിന്നും വെങ്ങോലയിലേക്ക് കടലപ്പിണ്ണാക്കുമായി പോവുകയായിരുന്നു റെജിയുടെ ഐഷർ ലോറി പെരുമ്പാവൂർ നഗരസഭയ്ക്ക് സമീപമെത്തിയപ്പോൾ അപ്രതീക്ഷിതമായി വാഹനത്തിന്റെ ടയർ പഞ്ചറായി. സഹായിയായി ആരും കൂടെയില്ലാത്തതും, പൊള്ളുന്ന വെയിലിൽ റോഡിൽ ആൾത്തിരക്ക് കുറഞ്ഞതും റെജിയെ തളർത്തി. തനിച്ച് ടയർ മാറ്റാൻ പാടുപെടുന്ന റെജിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത് സമീപത്തെ എക്സൈസ് ഓഫീസിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ജിയോ p വർഗീസിൻ്റെ കണ്ണിലാണ്.

പിന്നീട് കണ്ടത് പോലീസുകാരൻ എന്ന ഔദ്യോഗിക പദവിയേക്കാൾ ഉപരി ഒരു മനുഷ്യസ്നേഹിയുടെ ഇടപെടലായിരുന്നു. ചുട്ടുപൊള്ളുന്ന ടാറിലിരുന്ന്, ഡ്രൈവർക്കൊപ്പം ചേർന്ന് ടയർ അഴിച്ചുമാറ്റാനും സ്റ്റെപ്പിനി ടയർ ഉറപ്പിച്ച് ബോൾട്ടുകൾ മുറുക്കാനും ജിയോയും കൈകോർത്തു. വിയർത്തൊലിച്ച് നിൽക്കുമ്പോഴും ആ മുഖത്ത് ഒരു സഹായം ചെയ്യാനായതിന്റെ സംതൃപ്തിയുണ്ടായിരുന്നു.ഈ വെയിലത്ത് ഒറ്റയ്ക്ക് എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് സാർ അങ്ങോട്ട് വന്നത്. വലിയൊരു സഹായമായിരുന്നു അത് ഡ്രൈവർ റെജി നന്ദിയോടെ ഓർക്കുന്നു.ക്രമസമാധാന പാലനം മാത്രമല്ല, ആപത്തിൽപ്പെട്ടവർക്ക് അത്താണിയാകുക കൂടിയാണ് പോലീസിന്റെ ധർമ്മമെന്ന് ജിയോ P വർഗീസിൻ്റെ ഈ പ്രവർത്തി ഒരിക്കൽ കൂടി തെളിയിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ മനുഷ്യത്വപരമായ നീക്കത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.


