ലോട്ടറിക്ക് വേണ്ടി നടത്തിയ പരിശോധന ചെന്നവസാനിച്ചത് 10 കോടിയുടെ സ്വർണ്ണവേട്ടയിൽ

ലോട്ടറിക്ക് വേണ്ടി നടത്തിയ പരിശോധന ചെന്നവസാനിച്ചത് 10 കോടിയുടെ സ്വർണ്ണവേട്ടയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്താൻ ശ്രമിച്ച 6 കിലോ സ്വർണ്ണവുമായി യുവാവ് പിടിയിൽ. കേരള-തമിഴ്‌നാട് അതിർത്തിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനായി വേഷമിട്ടെത്തിയ ആലപ്പുഴ സ്വദേശി നിബിൻ (29) ആണ്10 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് നിരോധിത ലോട്ടറി ടിക്കറ്റുകൾ കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് തമിഴ്‌നാട് പോലീസ് വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സുകൾ തടഞ്ഞത്. കോയമ്പത്തൂർ ജില്ലാ അതിർത്തിയായ കെ.ജി. ചാവടി പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു പരിശോധന. കേരളത്തിൽ നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ഒരു വലിയ ബാഗുമായി സംശയകരമായ സാഹചര്യത്തിൽ ഇരുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് തുറന്നു പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കൃത്യമായി പാക്ക് ചെയ്ത നിലയിൽ 6.140 കിലോ ഭാരമുള്ള സ്വർണ്ണക്കട്ടികൾ! എറണാകുളത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാൾ, ഉടമയുടെ നിർദ്ദേശപ്രകാരം കോയമ്പത്തൂരിലെ ഉക്കടം സ്വദേശിയായ സുരേഷ് എന്നയാൾക്ക് സ്വർണ്ണം എത്തിക്കാൻ പോവുകയായിരുന്നു എന്നാണ് പ്രാഥമിക മൊഴി. പിടിച്ചെടുത്ത സ്വർണ്ണം പോലീസ് ആദായനികുതി വകുപ്പിന് കൈമാറി. ആഡംബര വാഹനങ്ങളിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ‘സാധാരണക്കാരനായി’ ബസ്സിൽ സ്വർണ്ണം കടത്തുന്ന പുതിയ രീതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


