February 5, 2026

ഇന്ത്യയിലെ നിപ്പ വൈറസ് ഭീഷണി: ജാഗ്രതയുമായി ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും

  • January 30, 2026
  • 1 min read
ഇന്ത്യയിലെ നിപ്പ വൈറസ് ഭീഷണി: ജാഗ്രതയുമായി ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും

ഇന്ത്യയിൽ പടരുന്ന നിപ്പ വൈറസ് വ്യാപനത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ അറിയിച്ചു. ഡിസംബറിൽ ഇന്ത്യയിൽ ആരംഭിച്ച നിപ്പ വ്യാപനം നിലവിൽ നിയന്ത്രണവിധേയമാണെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും വൈറസിന്റെ പ്രഹരശേഷി കണക്കിലെടുത്ത് ജാഗ്രത തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ ഇതുവരെ നിപ്പ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല.ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്ന ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തിൽ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർക്കായി കർശനമായ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. യാത്രക്കാർക്കിടയിൽ രോഗലക്ഷണങ്ങൾ ഉള്ളവർക്കായി പ്രത്യേക പ്രോട്ടോക്കോളുകൾ നിലവിലുണ്ടെന്നും നിലവിൽ അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും മാർക്ക് ബട്ട്‌ലർ കൂട്ടിചേർത്തു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന നിപ്പ വൈറസിനെ ലോകാരോഗ്യ സംഘടന ‘പ്രയോറിറ്റി പാത്തോജൻ’ (Priority Pathogen) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1998-ൽ മലേഷ്യയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും പലപ്പോഴായി രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശരിയായ വായുസഞ്ചാരമില്ലാത്ത ആശുപത്രി പരിസരങ്ങളും മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും രോഗം വേഗത്തിൽ പടരാൻ കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *